തിരുവനന്തപുരം: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം നടക്കുക.
ഏറെ നാളായി മോഹന്‍രാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇതിന്‍റേതായ ബുദ്ധിമുട്ടുകളും മോഹന്‍രാജ് നേരിട്ടിരുന്നു.
സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. 'എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ "കീരികാടന്‍ ജോസിന്" ആദരാഞ്ജലികൾ', എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്. മമ്മൂട്ടിയും മോഹന്‍രാജിന് ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്.
'കിരീടം സിനിമയിലെ അതികായകനായ വില്ലൻ. കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി, രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച സഹകരിക്കുകയുണ്ടായി. Will miss u dear Mohanraj', എന്നാണ് ദിനേശ് പണിക്കര്‍ കുറിച്ചത്.
മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ 'കീരിക്കാടൻ ജോസ്' എന്ന വേഷത്തിലൂടെയാണ് മോഹന്‍ രാജ് ജനപ്രീതി നേടുന്നത്. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. കീരിക്കാടന്‍ ജോസിന്‍റെ ജനപ്രീതി മോഹന്‍രാജിനെ തെലുങ്ക്, തമിഴ് സിനിമകളുടെയും ഭാഗമാക്കി.
കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങി ഒട്ടനവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ മധു സംവിധാനം ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിയ മോഹന്‍രാജ്, ഇതിനോടകം 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Post a Comment