ഇരിട്ടി : ആറളം ഫാമിലെ ബ്ലോക്ക് ആറില്‍ റബർ പ്ലാന്‍റേഷനുള്ളില്‍ കാട്ടാന പ്രസവിച്ചു . ബുധനാഴ്ച പുലർച്ചെ റബർ ടാപ്പിംഗ് തൊഴിലാളികളാണ് രക്തപാട് കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചത് .
ആർആർടി ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാറിന്‍റെ നേതൃത്വത്തില്‍ വെറ്ററിനറി സർജൻ ഇല്യാസും സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ രക്തപ്പാടുകളും മറുപിള്ളയുടെ അവശിഷ്ടങ്ങളും കണ്ടെത്തി .
മേഖലയില്‍ 30 ഓളം ആനകള്‍ തമ്ബടിച്ചിരിക്കുന്നതുകൊണ്ട് കൂടുതല്‍ പരിശോധന നടത്താൻ കഴിഞ്ഞില്ല . പിടിയാനെയും കുട്ടിയേയും ആരും നേരില്‍ കണ്ടിട്ടില്ല . ശക്തമായ മഴ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് തടസമായിരിക്കുകയാണ്. ആനക്കൂട്ടം അക്രമാസക്തമാകാൻ സാധ്യത ഉള്ളതുകൊണ്ട് മേഖലയില്‍ ജനങ്ങളുടെ സംരക്ഷണ ഉറപ്പുവരുത്താൻ വനപാലകർ പ്രദേശത്ത് പട്രോളിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്. കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ് സ്ഥലത്തെത്തി പരിശോധന നടത്തി. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി. ചന്ദ്രൻ, കീഴ്പ്പള്ളി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രകാശ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി .
ഒരുവർഷം മുന്പ് സെൻട്രല്‍ നഴ്സറിക്ക് സമീപം മെയിൻ റോഡില്‍ കാട്ടാന പ്രസവിച്ചിരുന്നു. രാത്രിയില്‍ പട്രോളിംഗിനിറങ്ങിയ വനപാലകരാണ് സംഭവം കണ്ടത്. തുടർന്ന് അതുവഴിയുള്ള ഗതാഗതം അന്നു തടഞ്ഞിരുന്നു. ഇത്തവണ റബർ പ്ലാന്‍റേഷന് ഉള്ളിലായിരുന്ന പ്രസവം.
ആന തുരത്തല്‍
ഇന്ന് പുനരാരംഭിക്കും
ആറളം ഫാമിലെ പുനരധിവാസ മേഖലയില്‍ ബ്ലോക്ക് 12 ല്‍ തമ്ബടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികള്‍ ഇന്നു രാവിലെ വീണ്ടും തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. രണ്ടു കൂട്ടങ്ങളായി 30 ല്‍ അധികം ആനകളാണ് ഇവിടെ തമ്ബടിച്ചിരിക്കുന്നത്. കോട്ടപ്പാറ വഴി ആനകളെ തുരത്തുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പ്രദേശത്തെ താമസക്കാർ ജാഗ്രത പാലിക്കണമെന്നും ആവശ്യമില്ലാതെ വീടിന് വെളിയില്‍ വരരുതെന്നും വനം വകുപ്പും ജനപ്രതിനിധികളും നിർദേശം നല്‍കി.
കുരങ്ങും മുള്ളൻപന്നിയും
നാശം വിതയ്ക്കുന്നു
ആറളം ഫാമില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പിന്നാലെ മുള്ളൻ പന്നിയും കുരങ്ങുകളും വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ആറളം സെൻട്രല്‍ നഴ്സറിക്ക് സമീപം പോളീഹൗസിലണ് മുള്ളൻപന്നി 491 തെങ്ങിൻ തൈകളും , കുരങ്ങുകള്‍ 4470 കശുമാവിൻ തൈകളും നശിപ്പിച്ചത് .
ഇതില്‍ ഫാമിന് 272600 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . 2017 ജൂണ്‍ മുതല്‍ 2024 മെയ് വരെയുള്ള കാലഘട്ടത്തില്‍ ഫാമിന്‍റെ കണക്കുകള്‍ പ്രകാരം വന്യജീവികള്‍ കാർഷിക വിളകള്‍ നശിപ്പിച്ചതില്‍ സംഭവിച്ച നഷ്ടം 85,80,25,025 രൂപയാണ് .
Post a Comment