Join News @ Iritty Whats App Group

ഇസ്രയേലിന്റെ സൈനിക നടപടികള്‍ എത്രയും വേഗം നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍; ഇറാന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണമെന്ന് ഖത്തര്‍; വെടിനിര്‍ത്തല്‍ ആഹ്വാനം തള്ളി ഐഡിഎഫ്


ഗാസയിലെയും ലബനനിലെയുമടക്കം ഇസ്രയേലിന്റെ സൈനിക നടപടികള്‍ എത്രയുംവേഗം നിര്‍ത്തിവയ്ക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. മേഖലയിലാകെ യുദ്ധം പടരുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇസ്രയേല്‍ നടത്തിയത് ഇറാന്റെ പരമാധികാരത്തിന്മേലുള്ള ആക്രമണമെന്ന് ഖത്തര്‍ പ്രതികരിച്ചു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും ഖത്തര്‍ വിദേശ മന്ത്രാലയം പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വെല്ലുവിളിയാകുന്ന ഒരു പ്രവൃത്തിയെയും അംഗീകരിക്കില്ലെന്ന് ഈജിപ്ത് പ്രതികരിച്ചു. എന്നാല്‍, യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. വെടിനിര്‍ത്തല്‍ ആഹ്വാനവും അവര്‍ തള്ളി

ഇറാനെ ആക്രമിച്ചതിലൂടെ ഇസ്രയേല്‍ മേഖലയെ വ്യാപകമായ യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്ന് തുര്‍ക്കിയ പ്രതികരിച്ചു. സൗദി അറേബ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളും ഇസ്രയേല്‍ നടപടിയെ അപലപിച്ചു.ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്ന പ്രവൃത്തികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇറാനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ഇറാന്‍ തിരിച്ചടിക്കരുതെന്നും ബ്രിട്ടന്‍ പറഞ്ഞു.

അതേസമയം, ഇസ്രായേല്‍ കഴിഞ്ഞ ദിവസം രാവിലെ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍. ആര്‍മിയാണ് സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ ചെറിയ നഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നത്.

ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഇന്ന് ആക്രമണം നടത്തിയിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group