Join News @ Iritty Whats App Group

ആറളം ഫാമില്‍ മരം മുറിച്ച സംഭവം: കരാറുകാരനെതിരെ കേസ്


ആറളം ഫാമില്‍ അനധികൃതമായി മരം മുറിച്ച്‌ കടത്തിയ സംഭവത്തില്‍ അഞ്ചാം ബ്ലോക്കില്‍ പാഴ്മരങ്ങള്‍ മുറിക്കുന്നതിന് ടെൻഡർ എടുത്ത കരാറുകാരനെതിരെ ഫാം അധികൃതരുടെ പരാതിയില്‍ ആറളം പോലീസ് കേസെടുത്തു.

പാഴ് മരങ്ങള്‍ മുറിക്കുന്നതിന് ടെണ്ടർ എടുത്ത സ്ഥാപനം കണക്കില്‍ പെടാത്ത മരങ്ങള്‍ മുറിച്ചതിന് ഫാം അധികൃതർ നല്‍കിയ പരാതിയിലാണ് ആറളം പൊലീസ് കേസെടുത്തത്. 

2024 ഏപ്രില്‍ 15 മുതല്‍ സെപ്റ്റംബർ 20 വരെയുള്ള കാലയളവിലാണ് സംഭവം. ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ സംരംഭങ്ങള്‍ ആരംഭിച്ചു വരികയാണ്. ബ്ലോക്ക് അഞ്ചിലെ 200 ഏക്കറോളം വരുന്ന സ്ഥലത്ത് കശുമാവ് പുനർകൃഷിയുടെ ഭാഗമായാണ് മരങ്ങള്‍ വെട്ടിമാറ്റുന്നതിന് ടെൻഡർ നല്‍കിയത്. ഇതില്‍ ടെൻഡറില്‍ പെടാത്ത 25ഓളം ഇരൂള്‍ മരങ്ങള്‍ കരാറുകാരൻ മുറിച്ചു കടത്തി എന്നാണ് പരാതി. ബ്ലോക്ക് ഇൻചാർജ്, ഫാം സൂപ്രണ്ട് എന്നിവർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതോടൊപ്പം മരംമുറി സംഭവത്തില്‍ കേസെടുക്കാൻ വനംവകുപ്പും നിയമോപദേശം തേടിയിട്ടുണ്ട്. 

ആറളം ഫാമിലെ അഞ്ചാം ബ്ലോക്കില്‍ കണക്കില്‍ പെടാത്ത മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ വനം വകുപ്പിന് കേസെടുക്കാനുള്ള സാധ്യതയെക്കുറിച്ച്‌ കണ്ണൂർ ഡിവിഷനാണ് നിയമോപദേശം തേടിയത്. ഇതിനായി കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രകാശന്റെ നേതൃത്വത്തില്‍ കണക്കെടുപ്പ് തുടങ്ങി. മരങ്ങളുടെ കുറ്റികള്‍ എണ്ണി തിട്ടപ്പെടുത്തുന്ന പണികളാണ് പുരോഗമിക്കുന്നത്. വനം വകുപ്പിന്റെ സ്പെസിഫൈഡ് ഇനത്തില്‍ പെട്ട മരങ്ങളാണ് മുറിച്ച ഇരൂള്‍, ചടച്ചില്‍ തുടങ്ങിയവ. ആറളം ഫാമിലെ മരം അനധികൃതമായി മുറിച്ച സംഭവത്തില്‍ ജില്ല ഫിനാൻസ് ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ചു . മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ സംഘം പരിശോധിച്ചു. സംഭവത്തില്‍ ഫോറസ്റ്റ്, പൊലീസ്, ഫാം പ്രതിനിധികള്‍ അടങ്ങുന്ന സംഘം ഒരാഴ്ചക്കുള്ളില്‍ പഠന റിപ്പോർട്ട് നല്‍കാൻ ഫിനാൻസ് ഓഫിസർ നിർദേശിച്ചു .

Post a Comment

Previous Post Next Post
Join Our Whats App Group