നടൻ ബാലയെ അറസ്റ്റ് ചെയ്തു. മുൻ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. കടവന്ത്ര പോലീസാണ് ബാലയേയും മാനേജറേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലയെ പോലീസ് ചോദ്യം ചെയ്യുകയാണ്. വൈകീട്ടോടെ ബാലയെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
പുലർച്ചയാണ് ബാലയെ കസ്റ്റഡിയിൽ എടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ മാനസികമായി തളർത്തുന്നുവെന്ന അമൃത സുരേഷിന്റെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചു, പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ല, കുട്ടിയെ മാനസിക സമ്മർദ്ദത്തിലാക്കുന്നു തുടങ്ങിയ ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. നടനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.
വിവാഹമോചനത്തിന് ശേഷം പലപ്പോഴായി മുൻ ഭാര്യയ്ക്കെതിരെ ബാല രംഗത്തെത്തിയിരുന്നു. അവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഉൾപ്പെടെ ബാല നടത്തിയിട്ടുണ്ട്. തന്റെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും അച്ഛനെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് മുൻ ഭാര്യയും കുടുംബവും എന്നും ബാല ആരോപിച്ചിട്ടുണ്ട്.
അടുത്തിടെ നൽകിയ അഭിമുഖത്തിലും ബാല ഇതേ ആരോപണങ്ങൾ തുടർന്നതോടെ പിതാവിനെതിരെ 12 വയസുകാരിയായ മകൾ തന്നെ രംഗത്തെത്തിയിരുന്നു. അച്ഛൻ പറയുന്നത് പച്ചക്കള്ളമാണെന്നും തനിക്ക് അദ്ദേഹത്തെ കാണാൻ പോലും താത്പര്യമില്ലെന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കുട്ടി തുറന്നടിച്ചത്. തന്നേയും കുടുംബത്തേയും അദ്ദേഹം ദ്രോഹിക്കുകയാണെന്നും ഒരു അച്ഛനെന്ന നിലയിലുള്ള സ്നേഹമൊന്നും അദ്ദേഹം കാണിച്ചിട്ടില്ലെന്നും കുട്ടി ആരോപിച്ചു.
അതേസമയം കുട്ടിയുടെ വീഡിയോയ്ക്കെതിരേയും ബാല വീഡിയോ പങ്കുവെച്ചു. മകളെ കൊണ്ട് തനിക്കെതിരെ പറയിപ്പിച്ചെന്ന നിലയിലായിരുന്നു ബാലയുടെ പ്രതികരണം. ഇതോടെ മുൻ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നത്. പിന്നാല നടനെതിരെ പ്രതികരിച്ച് അവർ രംഗത്തെത്തുകയായിരുന്നു. തന്നേയും മകളേയും ക്രൂരമായി ദ്രോഹിച്ചിട്ടുണ്ടെന്നും ഒടുവിൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അവർ പറഞ്ഞത്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക് പിന്നാലെ ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കാർഡിയാക് ഐസിയുവിൽ നിന്നുള്ള ഗായികയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സഹോദരിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. എന്നാൽ ഗായികയ്ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. പിന്നീട് ആശുപത്രിയിൽ നിന്നും എത്തിയതിന് പിന്നാലെ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് അവർ പോസ്റ്റ് പങ്കിട്ടിരുന്നു. ഇതിനൊപ്പം പങ്കുവെച്ച ചിത്രത്തിൽ നെഞ്ച് ഭാഗത്ത് ഒരു സ്റ്റിച്ച് കാണാം. ഇതിനെ കുറിച്ച് ആരാധകർ ചോദ്യം ഉയർത്തിയിരുന്നുവെങ്കിലും അവർ ഇതിനോട് പ്രതികരിച്ചിരുന്നില്ല.
Post a Comment