മാന്നാര്‍: പഞ്ചായത്ത് മെംബറെ സോഷ്യല്‍ മീഡിയാ കോടീശ്വരനാക്കി. മാന്നാര്‍ പഞ്ചായത്തംഗം അനീഷ് മണ്ണൂരേത്തിനെയാണ് സോഷ്യല്‍ മീഡിയാ കോടീശ്വരനാക്കിയത്. ഓണം ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ചുവെന്ന രീതിയിലാണ് ലോട്ടറി ടിക്കറ്റ് നമ്പര്‍ ഉള്‍പ്പെടെ പ്രചാരണം നടന്നത്.
പഞ്ചായത്ത് ഓഫീസില്‍ വച്ച് ആരോ തമാശയ്ക്കായി പറഞ്ഞതാണ് പെട്ടെന്ന് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിച്ചത്. മറുപടി പറഞ്ഞ് സഹികെട്ടു പഞ്ചായത്തംഗം മൊബൈല്‍ ഫോണ്‍ ഓഫാക്കി. മനഃപൂര്‍വം മൊബൈല്‍ ഓഫാക്കിയതാണന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും മറ്റുള്ളവരും വീട്ടിലേക്കും എത്തി.
പിന്നീടു നേരിട്ടെത്തിയവര്ക്കു മെംബറും വീട്ടുകാരും മറ്റും മറുപടി പറഞ്ഞ് മടുത്തു. എല്ലാ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ സംഭവം ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലെത്തുകയും ചെയ്തു.
ഒടുവില്‍ മെമ്പര്‍ക്ക് ലോട്ടറി അടിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധവുമാണന്നും വൈകിയാണെങ്കിലും സത്യാവസ്ഥയറിഞ്ഞവര് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചു വരികയാണ്.
Post a Comment