Join News @ Iritty Whats App Group

എഡിഎം നവീൻ ബാബുവിന്റെ മരണം: അന്വേഷണ സംഘം കളക്ട്രേറ്റിൽ, സത്യം സത്യമായി പറയുമെന്ന് കളക്ടർ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂർ കളക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങൾ കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കളക്ടറുടെ മൊഴിയെടുപ്പ് അന്വേഷണത്തിൽ നിർണായകമാണ്. 

സത്യം സത്യമായി പൊലീസിന് മൊഴി നൽകുമെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങൾ അറിയിക്കാനാണ് കണ്ടത്. എഡിഎം നവീൻ ബാബുവിന്റെ വിഷയവും സംസാരിച്ചിരുന്നുവെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.  

ഇന്നലെ കളക്ടർ അരുൺ കെ വിജയൻ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് മൊഴി നൽകിയിരുന്നു. എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ മൊഴി. വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന് പി.പി ദിവ്യയുടെ വാദം. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ കളക്ടർ ഈ വാദം തളളുന്ന മൊഴിയാണ് നൽകിയത്. താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ല, സ്റ്റാഫ് കൗൺസിലായിരുന്നു സംഘാടകർ. യാത്രയയപ്പിന് നിശ്ചയിച്ച സമയം വൈകീട്ട് മൂന്ന് മണിയായിരുന്നു. ഇതിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അരുൺ കെ വിജയൻ വകുപ്പ് തല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് മുന്നിൽ മൊഴി നൽകി. ദിവ്യയെ ക്ഷണിച്ചില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group