തലശേരി: എ.ഡി.എം: കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യ തലശേരിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ. കെ. വിശ്വന്‍ മുഖേന ഇന്നലെ ഉച്ചയോടെയാണു ഹര്‍ജി നല്‍കിയത്. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.
നിര്‍ണായക സാക്ഷിമൊഴികള്‍ കോടതിയില്‍നിന്നു പോലീസ് മറച്ചുവച്ചെന്നും പ്രതിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അഡ്വ. വിശ്വന്‍ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്നു ജില്ലാ കലക്ടറോട് എ.ഡി.എം. പറഞ്ഞതായി പോലീസ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, ആ തെറ്റെന്താണെന്ന് അറിയാന്‍ അനേ്വഷണോദ്യോഗസ്ഥന്‍ ശ്രമിച്ചില്ല. എ.ഡി.എമ്മിനെതിരേ പരാതിപ്പെട്ട ടി.വി. പ്രശാന്തന്‍, ഗംഗാധരന്‍ തുടങ്ങിയവരുടെ സാക്ഷിമൊഴികള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല തുടങ്ങിയ വാദങ്ങളാണു ജാമ്യഹര്‍ജിയിലുള്ളതന്നാണു സൂചന.
ഇന്ന് ദീപാവലി അവധിയായതിനാല്‍ നാളെയോ അതിനടുത്ത ദിവസമോ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കാനാണു സാധ്യത. ഇതേ കോടതി മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയതിനേത്തുടര്‍ന്ന് അറസ്റ്റിലായ ദിവ്യ 14 ദിവസത്തേക്ക് റിമാന്‍ഡിലാണ്. ദിവ്യ മറ്റ് കേസുകളിലും പ്രതിയാണെന്നതുള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. എ.ഡി.എമ്മിന്റെ യാത്രയയപ്പ് വേളയില്‍ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ ദിവ്യതന്നെയാണ് ഏര്‍പ്പാട് ചെയ്തത്. എ.ഡി.എമ്മിനെ കരുതിക്കൂട്ടി അപമാനിക്കാനാണ് അവര്‍ യോഗത്തിനെത്തിയത്. അതിന്റെ പ്രത്യാഘാതവും പ്രതിക്കറിയാമായിരുന്നു. ഭീഷണിസ്വരത്തിലാണു പ്രസംഗം അവസാനിപ്പിച്ചത്. അധിക്ഷേപദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും എ.ഡി.എമ്മിനു കടുത്ത മാനസികപ്രയാസമുണ്ടാക്കി. ഇത് പ്രതിയുടെ ക്രിമിനല്‍ മനോഭാവത്തിനു തെളിവാണ്.
കുറ്റവാസനയോടും ആസൂത്രണത്തോടെയുമാണു പ്രതി യാത്രയയപ്പ് ചടങ്ങിനെത്തിയത്. എ.ഡി.എമ്മിനുള്ള ഉപഹാരവിതരണത്തില്‍ പങ്കെടുക്കാതിരുന്നത് അവര്‍ക്ക് ക്ഷണമില്ലാതിരുന്നതിനു തെളിവാണ്. വേദിയില്‍ ദിവ്യക്കു മറ്റാരോ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ജില്ലാപഞ്ചായത്ത് അധ്യക്ഷയ്ക്കു പരിപാടിയില്‍ ക്ഷണമില്ലായിരുന്നെന്നു കലക്ടറേറ്റ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മൊഴിയുണ്ട്.
നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ദിവ്യ ഒളിവില്‍ക്കഴിഞ്ഞു. എ.ഡി.എമ്മിന്റെ ഭാര്യയേയും മക്കളെയും ഇകഴ്ത്തിക്കാട്ടി മാനഹാനി വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. യാത്രയയപ്പ് യോഗത്തിനുശേഷം കണ്ടപ്പോള്‍ തെറ്റുപറ്റിയെന്നു നവീന്‍ ബാബു പറഞ്ഞതായ കലക്ടറുടെ മൊഴി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി രേഖപ്പെടുത്തിയിരുന്നു.
Post a Comment