കണ്ണൂര്‍: നവീൻ ബാബു ജനങ്ങളുടെ പ്രശ്നങ്ങൾ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കണ്ണൂരിൽ എഡിഎമ്മിന്‍റേത് മാതൃകാപരമായ പ്രവർത്തനമായിരുന്നു. അദ്ദേഹത്തിനെതിരെ ആക്ഷേപം കേൾക്കുന്നത് ഇതാദ്യമാണ്. നവീൻ ബാബുവിന്‍റെ മരണവിവരം അറിഞ്ഞപ്പോൾ ഓർത്തത് ചെറുപ്പത്തിൽ ആത്മഹത്യ ചെയ്ത സ്വന്തം അനുജനെയാണ്. പി പി ദിവ്യ ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അവരോട് സംസാരിച്ച ശേഷം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇടപെടുന്നതിലും സംസാരിക്കുന്നതിലും പൊതുപ്രവർത്തകർ ജാഗ്രത കാട്ടണം. കളക്ടർക്ക് പങ്കുണ്ടെങ്കിൽ അന്വേഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, എഡിഎമ്മിന്‍റെ ആത്മഹത്യയിൽ പ്രതി ചേർത്ത സിപിഎം നേതാവ് പി പി ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം വരാൻ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ലെന്നാണ് വിവരം.
മുൻകൂർ ജാമ്യഹർജി ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു. ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഇന്നും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയേക്കും. കളക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താൻ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയൽ നീക്കം വേഗത്തിലാക്കണമെന്നതാണ് താൻ ഉദ്ദേശിച്ചതെന്നും അവർ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്‍റെ വീഡിയോ അടക്കം സമർപ്പിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
Post a Comment