തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം ഇന്റലിജന്റ്സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നൽകിയിരിക്കുന്നത്. അജിത്കുമാര്‍ സായുധ ബെറ്റാലിയൻ എ.ഡി.ജി.പിയായി തുടരും. ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ മാറ്റിയത്. നടപടിയെ സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം സ്വാഗതം ചെയ്തു.
അജിത്‌കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഡി.ജി.പി: എസ്. ദര്‍വേഷ് സാഹിബ് ആഭ്യന്തര സെക്രട്ടറിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്‌ച എന്നിവയില്‍ എ.ഡി.ജി.പിയുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണു റിപ്പോര്‍ട്ടെന്നാണ് സൂചന. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എസ്.പി: എസ്. സുജിത്‌ദാസുമായുള്ള തന്റെ ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തുവിട്ടതോടെയാണ് എ.ഡി.ജി.പി. അജിത്‌കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൊതുശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ സംഭാഷണത്തില്‍ എ.ഡി.ജി.പിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച സുജിത്‌ദാസിനെ പിന്നീട് സസ്‌പെന്‍ഡ് ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നിരന്തരം ആരോപണങ്ങളുന്നയിച്ച അന്‍വര്‍ ഇടതുമുന്നണിക്കു പുറത്താകുകയും ചെയ്‌തു.
Ads by Google
Post a Comment