കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വികസന സമിതിയിൽ പ്രമേയം. കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു കളക്ടർ പ്രമേയം അംഗീകരിച്ചത്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ എത്തുമെന്ന കാര്യം കളക്ടർക്ക് അറിയാമായിരുന്നു എന്ന പ്രോസിക്യൂഷൻ വാദത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും താൻ തുടരണോ എന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കടുത്ത വിമർശനം നേരിടുന്ന ജില്ലാ കലക്ടർ അരുൺ കെ വിജയൻ അവധിയിൽ പ്രവേശിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടയായിരുന്നു ജില്ലാ വികസന സമിതി യോഗം നിശ്ചയിച്ചത്. പതിവിലും അല്പം വൈകിയപ്പോൾ കലക്ടർ യോഗത്തിന് എത്തില്ലെന്ന സൂചനയും വന്നു. എന്നാൽ പത്തരയോടെ കളക്ടർ എത്തുകയായിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ എത്തുമെന്ന കാര്യം കളക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും നവീൻ ബാബുവിനെതിരായ ആരോപണം യാത്രയയപ്പ് ചടങ്ങിൽ ഉന്നയിക്കരുതെന്ന് കളക്ടർ ആവശ്യപ്പെട്ടിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ച കാര്യം ചോദിച്ചപ്പോൾ ചുരുങ്ങിയ വാക്കുകളിലായിരുന്നു കളക്ടറുടെ മറുപടി.
യോഗം തുടങ്ങുന്നതിനു മുൻപ്, എഡിഎമ്മിന്റെ നിര്യാണത്തിൽ അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. അനുശോചന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നുള്ള ആവശ്യം ഉയർന്നത്. യോഗത്തിൽ പങ്കെടുത്ത കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ ഇതിനെ എതിർക്കാൻ ശ്രമിച്ചതോടെ ബഹളമായി. തുടർന്ന് പ്രമേയമായി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അജണ്ടയുടെ ഭാഗമായി ഉൾപ്പെടുത്താമെന്ന് കളക്ടർ സമ്മതിക്കുകയായിരുന്നു. ജില്ലാ വികസന സമിതിയിലെ പ്രമേയം സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തുമെന്ന് യോഗ ശേഷം കലക്ടർ അറിയിച്ചു. അതേസമയം, പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും കളക്ടർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് പ്രതിഷേധം കളക്ടറേറ്റിന് മുന്നിൽ തുടരുകയാണ്.
Post a Comment