പത്ത് വർഷങ്ങങ്ങള്‍ക്ക് ശേഷം നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്‍മീരില്‍ ആര് അധികാരത്തില്‍ വരും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം മുഴുവന്‍. മൂന്ന് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഒക്ടോബർ 1 ന് സമാപിച്ച് കഴിഞ്ഞപ്പോള്‍ മൂന്ന് പാർട്ടികളും തികഞ്ഞ് ആത്മവിശ്വാസമാണ് വെച്ചു പുലർത്തുന്നത്. ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികളുടെ പ്രതീക്ഷകള്‍ക്ക് തിളക്കമേകിയും അതേസമയം തന്നെ മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചും കൊണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളും ഇന്ന് പുറത്ത് വന്ന് കഴിഞ്ഞു.
ജമ്മു കശ്മീരില്‍ ഇത്തവണ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമുണ്ടെങ്കില്‍ കേവല ഭൂരിപക്ഷം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യാ സർവ്വേ ഫലം വ്യക്തമാക്കുന്നത്. സഖ്യത്തിന് 40 മുതല്‍ 48 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സർവ്വെ അവകാശപ്പടുന്നത്. 90 സീറ്റുകളുള്ള ജമ്മു കശ്മീരില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്.
നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ അത് 48 വരെ സീറ്റുകളിലേക്ക് എത്താം. അങ്ങനെയെങ്കില്‍ പത്ത് വർഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുന്നതിനുള്ള സാഹചര്യം ഒരുങ്ങും. മറിച്ച് 46 സീറ്റുകള്‍ക്ക് താഴെയാണ് നേടുന്നതെങ്കില്‍ സ്വതന്ത്രർ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ സഖ്യത്തിന് നേടേണ്ടി വന്നേക്കും.
ബി ജെ പിയുടെ കാര്യത്തിലേക്ക വരികയാണെങ്കില്‍ ജമ്മു കശ്മീരില്‍ അവർ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. 27 മുതല്‍ 32 വരെ സീറ്റുകളാണ് സഖ്യത്തിന് സർവ്വെ പ്രവചിക്കുന്നത്. അതേസമയം കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ മെഹ്ബൂബ മുഫ്തിയുടെ പി ഡി പിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. ആറ് മുതല്‍ 12 വരെ സീറ്റുകളാണ് സഖ്യത്തിന് സർവ്വെ പറയുന്നത്. സ്വതന്ത്രരും മറ്റുള്ളവരും ആറ് മുതല്‍ 11 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത.
ജമ്മു മേഖലയിലെ പ്രകടനമാണ് ബി ജെ പിയുടെ സീറ്റുകള്‍ ഉയർത്തുന്നത്. ബി ജെ പി ആകെ നേടിയേക്കാവുന്ന 27 മുതല്‍ 32 വരെ സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം ജമ്മു മേഖലയില്‍ നിന്നായിരിക്കുമെന്നാണ് ഇന്ത്യാ ടുടെ ആക്സിസ് മൈ ഇന്ത്യ സർവ്വേ അവകാശപ്പെടുന്നത്. കശ്മീർ വാലിയില്‍ നിന്നും ഇവർക്ക് ഒരു സീറ്റ് മാത്രമായിരിക്കും ലഭിക്കുക.
ജമ്മു മേഖലയില്‍ നാഷണല്‍ കോണ്‍ഫറന്‍ - കോണ്‍ഗ്രസ് സഖ്യത്തിന് 11-15 വരെ സീറ്റുകളും കശ്മീർ വാലിയില്‍ നിന്ന് 29 മുതല്‍ 33 വരെ സീറ്റുകളും ലഭിച്ചേക്കും. പി ഡി പിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യത കശ്മീർ വാലിയില്‍ നിന്നാണ്. ആറു മുതല്‍ 10 വരെ സീറ്റുകള്‍ മെഹ്ബൂബ മുഫ്തിയുടെ പാർട്ടിക്ക് ഇവിടെ നിന്ന് ലഭിച്ചേക്കാം. ജമ്മു മേഖലയില്‍ നിന്നും പി ഡി പിക്ക് ലഭിക്കാന്‍ സാധ്യത പരമാവധി ഒരു സീറ്റാണ്.
Post a Comment