Join News @ Iritty Whats App Group

ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകളെ വേട്ടയാടാന്‍ അനുവദിക്കില്ല; ബാലാവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാന്‍ മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി


2009 ലെ നിര്‍ബന്ധ വിദ്യാഭ്യാസ നിയമം (ആര്‍.ടി.ഇ ആക്ട്) വകുപ്പ് ആറ് പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതതയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സംവിധാനിച്ചിട്ടുള്ള ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകള്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏട്ട് മദ്രസ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കൂട്ടായ്മയാണ് ‘കോര്‍ഡിനേഷന്‍ ഫോര്‍ മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ്‌സ്’. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. മുന്‍ എംഎല്‍എ കാരാട്ട് റസാഖ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും ഉമ്മര്‍ ഫൈസി മുക്കം വര്‍ക്കിംങ് ചെയര്‍മാനും ഇ. യാകൂബ് ഫൈസി ജനറല്‍ സെക്രട്ടറിയുമായ 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു.
ആര്‍.ടി.ഇ ആക്ട് വകുപ്പ് 2 (എന്‍) പ്രകാരമുള്ള സ്‌കൂളുകളുടെ അഭാവം മൂലമാണ് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ മറ്റ് മതസ്ഥരായ വിദ്യാര്‍ഥികള്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തിന് മദ്രസകളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ സംവിധാനിച്ച ബദല്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത്. മദ്രസ സംവിധാനങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ മുന്‍ നിര്‍ത്തി പൊതുസമൂഹത്തിന് മുമ്പാകെ വിശദീകരണം നടത്താന്‍ നവംബര്‍ രണ്ടിന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ന്യൂനപക്ഷക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത രാഷ്ട്രീയ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. വിഷയവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ബന്ധപ്പെട്ടവര്‍ക്കും മെമ്മോറാണ്ടം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group