മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് കെഎസ്‌ആർടിസി ബസ് സർവീസ് വീണ്ടും തുടങ്ങി. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസാണ് പുനരാരംഭിച്ചത്.
കെഎസ്‌ആർടിസി ബസിന്‍റെ ഫ്ലാഗ് ഓഫ് കിയാല്‍ എംഡി സി.ദിനേശ് കുമാർ നിർവഹിച്ചു.
വിമാനത്താവളത്തില്‍ നിന്ന് കണ്ണൂർ, ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. ദിവസവും പുലർച്ചെ 5.40 ന് മട്ടന്നൂരില്‍ നിന്ന് പുറപ്പെട്ട് 5.50 ന് വിമാനത്താവളത്തിലെത്തും. തുടർന്ന് 6.20ന് ഇരിട്ടിയിലേക്ക് പോകും. പിന്നീട് ഉച്ചക്ക് 12.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് മട്ടന്നൂർ വഴി 1.40 ന് വിമാനത്താവളത്തിലെത്തുകയും തിരികെ 2.15 ന് പുറപ്പെട്ട് മൂന്നിന് ഇരിട്ടിയില്‍ എത്തുകയും ചെയ്യും. രാത്രി 8.50 ന് ഇരിട്ടിയില്‍ നിന്ന് പുറപ്പെടുന്ന ബസ് 9.35ന് വിമാനത്താവളത്തിലെത്തുകയും തിരികെ 10.15ന് മട്ടന്നൂരിലേക്ക് സർവീസ് നടത്തുകയും ചെയ്യും.
വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശം കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്‍റെ നിർദ്ദേശമനുസരിച്ചാണ് ബസ് സർവീസ് തുടങ്ങിയത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷം വിമാനത്താവളത്തില്‍ നിന്ന് കെഎസ്‌ആർടിസി ബസുകള്‍ സർവീസ് ആരംഭിച്ചെങ്കിലും കോവിഡ് കാലത്ത് നിർത്തിവയ്ക്കുകയായിരുന്നു. പിന്നീട് നിവേദനങ്ങള്‍ അടക്കം ലഭിച്ചതിനെ തുടർന്നാണ് മൂന്ന് വർഷത്തിന് ശേഷം വീണ്ടും പുനരാരംഭിച്ചത്.
Post a Comment