തൃശൂർ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമാണ് തൃശൂരിൽ സുരേഷ് ഗോപി നേടിയതെന്ന എഐവൈഎഫ് നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു.
എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് കൈസർ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. വോട്ടെടുപ്പ് ദിനത്തിൽ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എൻഡിഎ നേതാക്കൾ വോട്ടർമാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി അഭ്യർത്ഥിച്ചുവെന്നും ഹർജിയിൽ പറയുന്നു.
ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹർജിയിൽ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി സുഹൃത്ത് വഴി പെൻഷൻ വാഗ്ദാനം ചെയ്‌തെന്നും വോട്ടറുടെ മകൾക്ക് ഫോൺ നൽകിയെന്നും സൂചിപ്പിക്കുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും ഹർജിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. ഇത് ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് നേതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Post a Comment