തിരുവനന്തപുരം: ഇടത് വിമതന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സിപിഎം വിട്ടു പോയത് ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്‍വറിന്റെ പേര് പരാമര്‍ശിക്കാതെ മനോജ് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. എം.വി. രാഘവന് സാധിക്കാത്തത് സാധ്യമാകുമെന്ന് സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം: എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എംവിആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എംവിആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എംവിആര്‍ ജയിലില്‍ എത്തി. ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍ തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍.
ചികിത്സ നല്കാന് ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ ഉഗ്ര ശാസന…ഞങ്ങള്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എംവിആറിന്റെ പുതിയ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നു. നാടാകെ യോഗങ്ങള്‍. ഓരോന്നിലും വന്‍ ജനാവലി. അന്ന് ചാനലുകള്‍ ഇല്ല. പത്രങ്ങള്‍ വിധിയെഴുതി. മാര്‍ക്സിസ്റ്റ് പാര്‍ട്ടി തീര്‍ന്നു… എംവിആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു ഇനി സിപിഎം ഉണ്ടാകുമോ എന്ന്. ഒന്നും സംഭവിച്ചില്ല.
1987ല്‍ വന്‍ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് വന്നു. എംവിആറിന്റെ പാര്‍ട്ടി സഭയിലെ ഏകാംഗ കക്ഷിയായി. എംവിആറിന് സാധിക്കാത്തത്, ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനേ, ഇത് വേറെ പാര്‍ട്ടിയാണ്. പോയി തരത്തില്‍ കളിക്ക്.
Post a Comment