Join News @ Iritty Whats App Group

ഗാസയിൽ വീണ്ടും ഇസ്രായേലിന്റെ കൂട്ടക്കുരുതി; വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 73 പേർ കൊല്ലപ്പെട്ടു


ടെൽ അവീവ്: വടക്കൻ ഗാസയിൽ ഇസ്രായേൽ സൈന്യം അഴിച്ചുവിട്ട വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വടക്കൻ ഗാസയിലെ ബെയ്‌ത്‌ ലാഹിയ നഗരത്തിലാണ് ഒന്നിലധികം തവണ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്നാണ് ലഭ്യമായ വിവരം.

ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പലരെയും കാണാതാവുകയും ചെയ്‌തതായി ഗാസയിലെ ആരോഗ്യ വകുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബഹുനില കെട്ടിടങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടന്നതെന്നാണ് ഹമാസ് ആരോപണം.


എന്നാൽ ഇസ്രായേൽ സൈന്യം സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും ഹമാസ് പുറത്തുവിട്ട കണക്കുകൾ അതിശയോക്തി കലർന്നതാണെന്നും ഐഡിഎഫ് അറിയിച്ചു. ഇസ്രായേൽ സൈന്യത്തിന് ലഭ്യമായ വിവരവുമായി ഈ കണക്കുകൾ ഒത്തുപോവുന്നതല്ലെന്നും അവർ അറിയിച്ചു.

ആക്രമണം നടന്ന ഇടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മേഖലയിൽ ടെലികോം സേവനങ്ങൾ ലഭ്യമാവാത്തതും ഇന്റർനെറ്റ് ലഭിക്കാത്തതും കൂടുതൽ ദുസ്സഹമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതാണ് പലസ്‌തീൻ അധികൃതർ വ്യക്തമാക്കി. അതിനിടെ ബെയ്‌ത്‌ ലാഹിയ നഗരത്തിൽ ഇസ്രായേൽ കൂട്ടക്കൊല നടത്തുകയാണെന്ന് ഹമാസ് ആരോപിച്ചു.

അതിനിടെ ഗാസയിലെ ഏറ്റവും വലിയ ക്യാമ്പുകളിൽ ഒന്നായ ജബാലിയയിൽ ഇസ്രായേൽ സൈന്യം ഉപരോധം ശക്തമാക്കിയെന്നും ഇതിനോട് ചേർന്നുള്ള അടുത്തുള്ള പട്ടണങ്ങളായ ബെയ്‌ത്‌ ഹനൂൺ, ബെയ്‌ത്‌ ലാഹിയ എന്നിവിടങ്ങളിൽ ടാങ്കറുകൾ അയച്ച് ഒഴിപ്പിക്കൽ സന്ദേശം നൽകുകയും ചെയ്‌തിരുന്നതായി ഹമാസ് പറയുന്നു.

നിലവിൽ മേഖലയിൽ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ് എന്നാണ് സൂചന. ആരോഗ്യവിഭാഗം ജീവനക്കാരോട് പരിക്കേറ്റവരെ ചികിത്സിക്കരുതെന്നും അവിടെ നിന്ന് ഒഴിഞ്ഞുപോവണമെന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ ചിത്രങ്ങൾ അടങ്ങിയ ലഘുലേഖ പലയിടത്തും ഇസ്രായേൽ വിതരണം ചെയ്‌തിരുന്നു. ഹമാസ് ഇനി ഗാസ ഭരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലഘുലേഖ. ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരികെ ഏൽപ്പിക്കുന്നത് ആരായാലും അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുമെന്നും അതിൽ കുറിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇസ്രായേൽ-ഹമാസ് യുദ്ധം വീണ്ടും ശക്തി പ്രാപിച്ചത്. 42,500ലധികം പലസ്‌തീനികൾ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പതിനായിരത്തിൽ അധികം പേരുടെ ശരീരം കിട്ടാത്തതിനാൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ കൂട്ടിയിട്ടില്ല. ഒരു ലക്ഷത്തിൽ അധികം പേർക്കാണ് പരിക്കേറ്റത്.

Post a Comment

Previous Post Next Post
Join Our Whats App Group