ദില്ലി: ഹരിയാന തെരഞ്ഞെടുപ്പിൽ 20 നിയോജക മണ്ഡലങ്ങളിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. 7 എണ്ണം സംബന്ധിച്ച് പരാതി നൽകി. 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കെസി വേണുഗോപാൽ പറഞ്ഞു. ഇവിഎം സംബന്ധിച്ചുള്ള പരാതിയുമായി കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരാണ് കമ്മീഷനിലെത്തിയത്.
പരാതി പരിശോധിക്കാമെന്നു മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്. അതിനപ്പുറത്തേക്ക് ശക്തമായ നടപടി വേണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. പരാജയം മറയ്ക്കാനായി പരാതി നൽകുന്നു എന്ന ആരോപണത്തിനോടും കെസി മറുപടി നൽകി. അന്വേഷണം നടത്തി തെളിയിക്കട്ടെയെന്നായിരുന്നു കെസിയുടെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ, കോൺഗ്രസ് നേതാക്കൾ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. രാഹുൽ ഗാന്ധി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Post a Comment