‘ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര’- ഇതായിരുന്നു ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. ഇന്ത്യക്ക് ഇന്ദിരയെ നഷ്ടമായിട്ട് ഇന്ന് നാല്പതു വർഷം തികയുന്നു. ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. 1917 നവംബർ 19ന് ജനിച്ച അവർ പ്രക്ഷുബ്ധമായ കാലത്ത് ഇന്ത്യയെ ചങ്കൂറ്റത്തോടെ നയിച്ചു.
രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കറുത്ത ഏടായി നിലനിൽക്കുമ്പോഴും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവയോടുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തി.
ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണം, ഭൂപരിഷ്കരണം, ഹരിതവിപ്ലവം തുടങ്ങിയ സുപ്രധാന നയങ്ങൾ നടപ്പാക്കി. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വം ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ആഗോള രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ശീതയുദ്ധകാലത്ത് അവർ ഗണനീയമായ പങ്ക് വഹിച്ചു.
1971ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനുള്ള ധീരമായ തീരുമാനം നീതിക്കും മനുഷ്യാവകാശത്തിനുംവേണ്ടി നിലകൊള്ളാനുള്ള അവരുടെ ദൃഢനിശ്ചയം പ്രകടമാക്കി. ഇന്ദിരയുടെ നയതന്ത്രപാടവം ലോകരാഷ്ട്രങ്ങളുടെ ആദരവ് നേടിക്കൊടുത്തു. സ്വന്തം പാർട്ടിക്കുള്ളിൽനിന്നുള്ള എതിർപ്പുകൾ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും ഇന്ദിരാഗാന്ധി ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ ഉറച്ചുനിന്നു.
കൊടുങ്കാറ്റുകളെ ജന്മസിദ്ധമായ നേതൃവാസനകൊണ്ട് അതിജീവിച്ചു. അങ്ങനെ മോത്തിലാൽ നെഹ്റുവിന്റെ പൗത്രി, ജവഹർലാൽ നെഹ്റുവിന്റെ പ്രിയപുത്രി ഇന്ത്യയിലെ ജനകോടികളുടെ നേതാവായി. തന്റെ രക്തസാക്ഷിത്വത്തിനു പതിന്നാല് മണിക്കൂർ മുൻപ് മരണം മുന്നിൽ കണ്ടിട്ടെന്നപോലെ ഇന്ദിര പറഞ്ഞു “രാഷ്ട്രത്തിനു വേണ്ടി ഞാൻ മരിക്കാം, എന്റെ ജനതയ്ക്കു വേണ്ടി ഞാൻ രക്തം ചിന്താം. അത്തരമൊരു മരണത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു’’. 1984 ഒക്ടോബർ 31നു സ്വന്തം അംഗരക്ഷകരായ മൂന്ന് സിക്ക് ഗാർഡുകളാൽ ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു.
രാജ്യത്തിനുവേണ്ടിയുള്ള ആ രക്തസാക്ഷിത്വത്തെക്കുറിച്ച് ദീപികയുടെ മുഖപ്രസംഗം ഇങ്ങനെയായിരുന്നു “”പ്രിയദർശിനി വേർപിരിഞ്ഞു. നൂറ്റിനാല്പതു കോടി കണ്ണുകൾ ബാഷ്പബിന്ദുക്കളൊഴുക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേർപാട് ഭാരതത്തെ മാത്രമല്ല, ഭൂമിയുടെ മറ്റു ഭാഗങ്ങളിൽ നിവസിക്കുന്നവരെയും അക്ഷരാർത്ഥത്തിൽ ഞടുക്കിക്കളഞ്ഞു. ചരിത്രം എല്ലാ ദുഃഖവും മായ്ച്ചുകളയുമെന്നു പറയാറുണ്ട്.
എന്നാൽ, കാലപ്പഴക്കംകൊണ്ടു കാഠിന്യം കുറയില്ലാത്ത ദുഃഖത്തിന്റെ പ്രവാസഭൂമിയിലാണ് ഭാരതം ഇപ്പോൾ നിൽക്കുന്നത്. ഈ കണ്ണീർ ഒപ്പാൻ ത്രാണിയുള്ള ഒരു കരത്തെയും അടുത്തു കാണാനില്ല”. അതായിരുന്നു ഇന്ത്യക്ക് ഇന്ദിര.
Post a Comment