Join News @ Iritty Whats App Group

കണ്ണൂർ സ്വദേശി മുഹമ്മദ് സിയാന്‍റെ 'ഡ്രോണക്സ് 360' ന് സ്വപ്ന നേട്ടം, യൂറോപ്യൻ ബഹിരാകാശ എജൻസിയുമായി പങ്കാളിത്തം!


കണ്ണൂർ: കണ്ണൂർ സ്വദേശിയായ മുഹമ്മദ് സിയാന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി പങ്കാളിത്തത്തിനുള്ള അവസരം ലഭിച്ചു. ഡ്രോണക്സ് 360 എന്ന സ്റ്റാർട്ടപ്പിനൊപ്പം യൂറോപ്യൻ സ്പേസ് ടെക്നോളജി സംയോജിപ്പിക്കാനുള്ള അവസരമാണ് മുഹമ്മദ് സിയാന് ലഭിച്ചിരിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു അന്തർ സർക്കാർ സ്ഥാപനമാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി. 1975-ൽ സ്ഥാപിതമായ യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക്, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വിപുലമായ പ്രവർത്തനങ്ങളിൽ യൂറോപ്പിലുടനീളം 22 അംഗരാജ്യങ്ങളാണ് ഉള്ളത്.

കണ്ണൂർ താണ സ്വദേശിയായ മുഹമ്മദ് സിയാൻ എന്ന ഇരുപത്തിയേഴുകാരനെ സംബന്ധിച്ചടുത്തോളം യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പങ്കാളിത്തത്തിനുള്ള ക്ഷണം വലിയ നേട്ടമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്കൊടുവിലാണ് തീരുമാനമുണ്ടായത്. ഈ അവസരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പ് സംരംഭകനെന്ന ഖ്യാതിയും ഇതോടെ മുഹമ്മദ് സിയാന് സ്വന്തമായി.

മുഹമ്മദ് സിയാന്‍റെ സ്റ്റാർട്ടപ്പിന് ഇതോടെ 40 ലക്ഷം ഫണ്ടും ലഭിച്ചിട്ടുണ്ട്. സിയാൻ പഠിച്ചതും വളർന്നതും യു എ ഇയിലാണ്. ദുബൈയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിങിൽ പഠനം പൂർത്തിയാക്കി ജർമനിയിൽ നിന്ന് പാരമ്പര്യേതര ഊർജത്തിലും ഡാറ്റ സയൻസിലും ബിരുദാനന്തര ബിരുദം നേടി. ജർമനിയിലെ ഓഫൻബർഗിൽ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് ഡ്രോണക്സ് 360 എന്ന പേരിലുള്ള സ്റ്റാർട്ടപ്പ് സ്ഥാപനം നടത്തി വരികയാണിപ്പോൾ മുഹമ്മദ് സിയാൻ. ജർമൻ സർക്കാർ തന്നെയാണ് സാങ്കേതിക വികാസം ലക്ഷ്യമിട്ട് സ്ഥാപനത്തിന് ഫണ്ട് നൽകുന്നത്. പാരമ്പര്യേതര ഊർജ രംഗത്ത് ഡ്രോൺ ഉൾപ്പെടെയുള്ളവയുടെ സേവന സാധ്യതകളാണ് ഡ്രോണക്സ് 360 സ്ഥാപനം ലക്ഷ്യമിടുന്നത്. അബുദാബിയിൽ പ്രവാസിയായ മുഹമ്മദ് താരിഖിന്‍റെയും ഫാത്തിമ റോഷ്നയുടെയും മകനാണ് മുഹമ്മദ് സിയാൻ.

Post a Comment

Previous Post Next Post
Join Our Whats App Group