Join News @ Iritty Whats App Group

കാത്തിരിക്കുന്നത് മരണമെന്ന് മുന്നറിയിപ്പ്! ‘മില്‍ട്ടണ്‍’ കൊടുങ്കാറ്റ് കരതൊടുന്നത് 270 കിലോമീറ്റര്‍ വേഗതയില്‍; ഫ്ലോറിഡയില്‍ കൂട്ടപ്പലായനം, അടിയന്തരാവസ്ഥ

മണിക്കൂറില്‍ 270 കിലോമീറ്റര്‍ വേഗതയിൽ മില്‍ട്ടന്‍ ചുഴലിക്കാറ്റ് അമേരിക്കയുടെ ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു. ‘ഈ നൂറ്റാണ്ടിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിക്കുന്ന മിൽട്ടനെ കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ മിൽട്ടൺ കരതൊട്ടേക്കും. കനത്ത നാശനഷ്ടമുണ്ടാകുമെന്ന യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജീവന്‍മരണ പോരാട്ടമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ജനനിബിഡമായ ടാംപ ബേയില്‍ ആണ് ചുഴലിക്കാറ്റ് കര തൊടുന്നത്. കൊടുങ്കാറ്റ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 10 ലക്ഷത്തോളം പേർ ഫ്ലോറിഡയില്‍ നിന്ന് സുരക്ഷിത താവളങ്ങള്‍ തേടി കൂട്ടപലായനം നടത്തി. ഫ്ലോറിഡയില്‍ നിന്ന് ഒഴിയാൻ തയാറായില്ലെങ്കില്‍ മരണമാണ് കാത്തിരിക്കുന്നതെന്നാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും ഇന്ധനക്ഷാമവും രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രാദേശിക സമയം രാത്രി ഏഴ് മണിക്ക് (ഇന്ത്യൻ സമയം ഇന്ന് രാവിലെ 5.30) ചുഴലിക്കാറ്റ് റ്റാമ്പയുടെ തെക്കുപടിഞ്ഞാറ് 710 കിലോമീറ്റർ ദൂരെയാണ്. കിഴക്കു-വടക്കുകിഴക്ക് ഭാഗത്തേക്കാണ് നീങ്ങുന്നത്. നിലവിലെ വേഗത 17 കിലോമീറ്ററാണ്. ഫ്ലോറിഡയിലേക്ക് അടുക്കുമ്പോഴേക്കും മില്‍ട്ടണ്‍ കൂടുതല്‍ വ്യാപിച്ചേക്കുമെന്നും ഹറിക്കെയിൻ സെന്റർ അറിയിച്ചു. ചുഴലിക്കാറ്റിനൊപ്പം മിന്നല്‍ പ്രളയം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കയെ സാമ്പത്തികമായും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഫ്ലോറിഡയിലെ 17% ഗ്യാസ് സ്റ്റേഷനുകളിലും ഇന്ധനമില്ലെന്നാണ് റിപ്പോർട്ടുകള്‍. അറ്റ്‌ലാന്റിക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയില്‍ ശക്തിയാർജിക്കുന്ന കൊടുങ്കാറ്റായി മില്‍ട്ടണ്‍ മാറുകയാണ്. ചൊവ്വാഴ്ച കാറ്റഗറി നാലിലായിരുന്ന കൊടുങ്കാറ്റ് അതിവേഗമാണ് ശക്തിപ്രാപിച്ചത്.

ജനജീവിതം ദുഷ്കരമാക്കിയ ഹെലൻ കൊടുങ്കാറ്റില്‍ നിന്ന് ഫ്ലോറിഡ മുക്തമാകുന്നതിന് മുൻപാണ് മില്‍ട്ടണ്‍ എത്തുന്നത്. രണ്ടാഴ്ച മുന്‍പുണ്ടായ ഹെലന്‍ ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ചിരുന്നു. 225 പേര്‍ മരിക്കുകയും നൂറുകണക്കിനാളുകളെ കാണാതാവുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group