പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ 13 വയസുകാരിയെ കണ്ടെത്താനായില്ല. കുഞ്ഞിമംഗലം തെക്കുമ്പാട് പുതിയ പുഴക്കര താമസിക്കുന്ന കർണാടക സ്വദേശിയുടെ മകളെയാണ് സംസ്ഥാന അതിർത്തികളിലടക്കം പരിശോധന നടത്തിയിട്ടും കണ്ടെത്താനാകാഞ്ഞത്.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി നൽകിയ പരാതി. ബന്ധുവായ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിയിൽ കേസെടുത്ത പോലീസ് ഉർജിതമായ അന്വേഷണമാണ് നടത്തുന്നത്.
ഇയാൾ തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നു പോകുന്ന പെൺകുട്ടിയുടെ സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.പെൺകുട്ടിയുമായി കർണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടറിൽ കർണാടകയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പ്രധാനറോഡുകളിൽ പോലീസിനെ വിന്യസിച്ചിരുന്നു.
രാജപുരം, ആദൂർ, ബദിയഡുക്ക, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രത നിർദേശം നൽകിയതിനെ തുടർന്നായിരുന്നു സ്കൂട്ടർ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഇയാളുടെ ഫോൺ സ്വിച്ച്ഓഫുമായിരുന്നു.
മീൻപിടിത്തത്തിനായി കർണാടകത്തിൽ നിന്നും കേരളത്തിലെത്തിയ കുടുംബം ആറുവർഷമായി കുഞ്ഞിമംഗലത്താണ് താമസം.
Post a Comment