Join News @ Iritty Whats App Group

പലിശയില്ലാതെ സ്വര്‍ണ വായ്പ; തട്ടിയത് 100 കോടിയോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍


പാനൂർ: പലിശയില്ലാതെ സ്വർണ വായ്പ വാഗ്ദാനം ചെയ്ത് ജില്ലയിലും സമീപ ജില്ലകളിലും നടക്കുന്ന തട്ടിപ്പിന് പിറകില്‍ വൻ സംഘം.

തലശ്ശേരിയിലെ വ്യാപാരിയും പെരിങ്ങത്തൂർ അണിയാരം സ്വദേശിയുമായ തട്ടിപ്പ് സംഘത്തിലെ അംഗത്തിന്റെ വീട്ടിലേക്ക് ഇരകളായ സ്ത്രീകള്‍ സംഘടിച്ചെത്തി.

സംഭവം അറിഞ്ഞ് ചൊക്ലി പൊലിസും സ്ഥലത്തെത്തിയിരുന്നു. നാല് വർഷത്തിനിടെ സംഘം നടത്തിയ തട്ടിപ്പില്‍ നൂറു കണക്കിനാളുകള്‍ ഉള്‍പ്പെട്ടതായും 100 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തതുമായാണ് വിവരം. 

നിരവധി പ്രമുഖർ ഇതില്‍ കണ്ണികളായി പ്രവർത്തിച്ചതായും റിപ്പോർട്ടുണ്ട്. തട്ടിയെടുത്ത സ്വർണം തലശ്ശേരിയിലെ ജ്വല്ലറി മുഖേന ഉരുക്കി മുംബൈയിലെത്തിച്ച്‌ വില്‍പന നടത്തിയതായാണ് വിവരം. തലശ്ശേരി ഹാർബർ സിറ്റി കോംപ്ലക്സില്‍ അല്‍മാസ് ജ്വല്ലറി എന്ന പേരില്‍ ബോർഡ് വെച്ച്‌ പ്രവർത്തിച്ചിരുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ജ്വല്ലറി ഉടൻ തുറക്കുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പ്രവർത്തിച്ചത്.

പണയംവെച്ചവർ ഒരു വർഷത്തിനു ശേഷം സമീപിച്ചപ്പോള്‍ സ്വർണപണയത്തിന് നല്‍കിയ തുകയുടെ പകുതി ഏല്‍പിച്ചാല്‍ ഒരു മാസത്തിനകം സ്വർണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വേറെയും തട്ടിയിട്ടുണ്ട്. സംഘത്തിന് വേണ്ടി പണം കൈപറ്റിയ ന്യൂമാഹി പെരിമഠം സ്വദേശിനിയായ യുവതിയുടെ വീടും ഇരകള്‍ ഉപരോധിച്ചു. സംഭവമറിഞ്ഞ് ന്യൂമാഹി പൊലീസും സ്ഥലത്തെത്തി. വില്‍പന നടത്തിയ പണം സംഘം പലയിടങ്ങളിലായി നിക്ഷേപിച്ചതായും അറിയുന്നു. കണ്ണൂർ ജില്ലയിലെ തളിപറമ്ബ്, എടക്കാട്, പിണറായി, ധർമടം, തലശേരി, ചക്കരക്കല്ല്, കൂത്തുപറമ്ബ്, പേരാവൂർ, കണ്ണൂർ സിറ്റി, വളപട്ടണം, അഴീക്കോട്, പാനൂർ, പെരിങ്ങളം, കരിയാട്, ചൊക്ലി, കൊളവല്ലൂർ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, പേരാമ്ബ്ര, നാദാപുരം, എടച്ചേരി, വളയം, വാണിമേല്‍ എന്നിവിടങ്ങളിലെ നൂറുകണക്കിനാളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതില്‍ സ്ത്രീകളാണ് കുടുതലും. എടക്കാട് പൊലിസ് സ്റ്റേഷനില്‍ മാത്രമാണ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേരെ എടക്കാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ലക്ഷങ്ങള്‍ നഷ്ടമായവർ നിരവധി

ജില്ലയില്‍ മാത്രം തട്ടിപ്പില്‍ 100 കോടി രൂപയിലധികം വിലവരുന്ന സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം എടക്കാട് പൊലീസിന് ലഭിച്ച പരാതികള്‍ പ്രകാരം മാത്രം നഷ്ടപ്പെട്ട ആഭരണങ്ങള്‍ 100 പവനിലധികം വരും. കണ്ണൂർ സിറ്റിയിലും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് സൂചന. 

എടക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയവരില്‍ 50 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടവരുണ്ട്. എന്നാല്‍, പരാതി നല്‍കിയിരുന്നില്ല. കുറ്റിക്കകം ഭാഗത്ത് പലർക്കായി നഷ്ടമായത് 500 പവനിലധികമുണ്ട്. ധർമടം പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാത്രം രണ്ട് കോടിയോളം രൂപയുടെ രൂപയുടെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ണവം മേഖലയില്‍നിന്ന് മുന്നൂറോളം പവനും നഷ്ടപ്പെട്ടതായാണ് വിവരം. 

കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ നൂറോളം ഇടനിലക്കാർ വഴിയാണ് സംഘം സ്വർണം തട്ടിയെടുത്തത്. സംഭവത്തില്‍ എടക്കാട് പൊലീസ് ഇടനിലക്കാരായ നാലുപേരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. എടക്കാട് ഹുസ്സൻ മുക്ക് സ്വദേശി കെ.എൻ.പി. ഇസ്മായില്‍, തലശ്ശേരി സ്വദേശികളായ ഇ. പ്രകാശൻ, എൻ. ഷർമിദ്, സി. ഷിബിലി എന്നിവരാണ് അറസ്റ്റിലായത്.

തട്ടിപ്പ് ഇങ്ങനെ 

സ്വർണാഭരണങ്ങള്‍ പണയം വെച്ചവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്. ഏജന്റുമാർ വഴി, സ്വർണം പണയംവെച്ചവരെ കണ്ടെത്തി. വായ്പത്തുകയും പലിശയും സംഘം അടച്ച്‌ പണയ സ്വർണം ബാങ്കില്‍നിന്ന് തിരിച്ചെടുത്തു.എന്നാല്‍, ഉടമകള്‍ക്ക് ആഭരണം ഒരു വർഷത്തേക്ക് നല്‍കിയില്ല. ബാങ്കില്‍ അടച്ച തുക നല്‍കിയാല്‍ ഒരു വർഷത്തിന് ശേഷം സ്വർണാഭരണം തിരിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒരു വർഷത്തെ പലിശ വേണ്ട. സാവകാശം ലഭിക്കുമെന്നതിനാല്‍ എല്ലാവരും സമ്മതിച്ചു. തുടക്കത്തില്‍ ചിലർക്കൊക്കെ ഈ രീതിയില്‍ സ്വർണാഭരണം തിരികെക്കിട്ടിയിരുന്നു. പക്ഷേ, പഴയ ആഭരണമല്ല, പുതിയവയാണു ലഭിച്ചതെന്നു മാത്രം. ഇതോടെ, കൂടുതല്‍ പേർ സംഘത്തെ തേടിയെത്തി. ഏജന്റുമാരും സജീവമായി. പണയം വെച്ചവർ മാത്രമല്ല, പണയംവെക്കാൻ ആലോചിക്കുന്നവരും സംഘത്തെ തേടിയെത്തി. ബാങ്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ലഭിക്കുമെന്നതും പലിശയില്ലെന്നതും ആകർഷകമായി. പക്ഷേ, ഒരു വർഷത്തിന് ശേഷം പണവുമായി ചെന്ന ആർക്കും പിന്നീട് സ്വർണാഭരണം തിരികെ ലഭിച്ചില്ല. പുതിയ ആഭരണം നല്‍കാമെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ ആളെ എത്തിച്ച ശേഷം ഏജന്റ് മുങ്ങിയ സംഭവം വരെയുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group