നിലമ്പൂര്‍: കാലുവെട്ടിയാല്‍ വീല്‍ചെയറില്‍ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്നു കരുതേണ്ടെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. പുതിയ പാര്‍ട്ടിയില്ല. ജനം പാര്‍ട്ടിയായാല്‍ അതിന്റെ പിന്നിലുണ്ടാകുമെന്നും നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അന്‍വര്‍. നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്താണ് പൊതുയോഗം സംഘടിപ്പിച്ചത്.
'എന്നെ എം.എല്‍.എ. ആക്കിയവരാണ് ഇൗ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാന്‍ മറക്കൂല്ല. നിങ്ങള്‍ കാലുവെട്ടാന്‍ വന്നാലും ആ കാല് നിങ്ങള്‍ കൊണ്ടുപോയാലും ഞാന്‍ വീല്‍ചെയറില്‍ വരും. അതുകൊണ്ടൊന്നും പിന്തിരിയില്ല. വെടിവച്ചു കൊല്ലേണ്ടിവരും. പറ്റുമെങ്കില്‍ ചെയ്യ്. ഏതായാലും ഒരുങ്ങി നില്‍ക്കുകയാണ്'- പി.വി. അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞദിവസം അന്‍വറിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. ഇതിനാണ് എം.എല്‍.എയുടെ മറുപടി. അന്തരിച്ച സി.പി.എം. രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം തുടങ്ങിയത്. ഞാന്‍ ഫോണ്‍ ചോര്‍ത്തിയെന്നു പറഞ്ഞാണ് കേസെടുത്തത്. കേരളം വെള്ളരിക്കാപ്പട്ടണമായി. ഞാന്‍ പിണറായി വിജയനെ വിശ്വസിച്ചു. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരേ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങള്‍ ഞാന്‍ തടുഞ്ഞു. ഒരിക്കലും പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ തള്ളിക്കളയില്ല.
പോലീസിന്റെ അനേ്വഷണത്തില്‍ വിശ്വാസമില്ല. ഇനി തെളിവുകള്‍ കൈമാറില്ല. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നാല്‍ ലോറിയില്‍കൊണ്ടുപോയി തെളിവുകള്‍ നല്‍കും. ഭരണ- പ്രതിപക്ഷ നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് വലിയ ഭീഷണി. ജനങ്ങള്‍ ഒപ്പം നിന്നാല്‍ ഇതിനെതിരേ പോരാട്ടം തുടരും. 2016-ല്‍ നിലമ്പൂരില്‍ മത്സരിക്കുന്നതുവരെ തന്റെ സ്ഥാപനങ്ങള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല.
സി.പി.എമ്മിനു വേണ്ടി നിലകൊണ്ടതുകൊണ്ട് പാര്‍ക്കും സ്ഥാപനങ്ങളും പൂട്ടി സാമ്പത്തികമായി തകര്‍ത്തു. കള്ളക്കേസുകള്‍ നല്‍കിയാണ് സ്ഥാപനങ്ങള്‍ പൂട്ടിച്ചത്. അഞ്ചും ഏഴും വര്‍ഷം കേസ് നടത്തി ഓരോന്നും ശരിയാക്കിക്കൊണ്ട് വരികയാണ്.
കക്കാടംപൊയില്‍ പാര്‍ക്കിന്റെ ഫയല്‍ മൂന്ന് ദിവസമായി മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ഈ പരിപാടി നിര്‍ത്തി ആഫ്രിക്കയില്‍ ബിസിനസിനു പോയതായിരുന്നു. അവിടെ നിന്നും വിളിച്ചുകൊണ്ടുവന്നാണ് വീണ്ടും മത്സരിപ്പിച്ചത്. കോടിയേരി വിളിച്ചതുകൊണ്ടാണ് വന്നത്. എന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് മുസ്‌ലിം വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നു.
ഞാന്‍ അഞ്ചുനേരം നമസ്‌കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ച. കേരളം സ്‌ഫോടനാത്മക നിലയിലാണ്. പോലീസുകാരില്‍ 25 ശതമാനം ക്രിമിനലുകളാണ്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പോലീസുകാരാണു തീരുമാനിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു പേര്‍ അന്‍വറിനെ കേള്‍ക്കാനെത്തിയത്.
Post a Comment