Join News @ Iritty Whats App Group

പാപ്പനംകോട് തീപിടിത്തം: ദുരൂഹതയേറ്റി വൈഷ്‌ണവിയുടെ മരണം; മരിച്ച പുരുഷനെ കുറിച്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പാപ്പനംകോട് പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹത. ഓഫീസിലെ ജീവനക്കാരി വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദുരൂഹത ഉയ‍ർന്നത്. വൈഷ്ണവിക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതും മുൻപ് ഭർത്താവ് ബിനു ഓഫീസിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവം സബ് കളക്ടർ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പ്രതികരിച്ചു. ഒരു ദിവസത്തിൽ സബ് കളക്ടർ റിപ്പോർട്ട് സമർപ്പിക്കും.

പാപ്പനംകോട് ജങ്ഷനിലെ ഇരുനില കെട്ടിടത്തിൽ പ്രവ‍ർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ വാഹന ഇൻഷുറൻസ് അടയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈഷ്ണവിയാണ് മരിച്ച ഒരാളെന്നും സ്ഥാപനത്തിൽ ഇൻഷുറൻസ് അടയ്ക്കാനെത്തിയ ആളാണ് മരിച്ച രണ്ടാമത്തെയാളെന്നും നേരത്തെ സംശയം ഉയർന്നിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വൈഷ്ണവിയുടെ കുടുംബ പ്രശ്നങ്ങൾ പൊലീസിൻ്റെ ശ്രദ്ധയിലെത്തിയത്.

ഏഴ് വർഷമായി വൈഷ്ണവി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവ‍ർക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. നരുവാമൂട് സ്വദേശി ബിനുവാണ് വൈഷ്ണവിയുടെ ഭർത്താവ്. ബിനുവാണോ തീപിടിത്തത്തിൽ മരിച്ച രണ്ടാമത്തെയാളെന്നാണ് അന്വേഷിക്കുന്നത്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടർന്നു എന്നുമാണ് ദൃക്സാക്ഷികൾ മൊഴി നൽകിയത്. അതിവേഗം തീ പടർന്നു. പിന്നാലെ നാട്ടുകാർ ഇടപെട്ട് തീയണക്കാൻ ശ്രമിച്ചു. ശേഷം ഫയ‍ർ ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. ഈ സമയത്താണ് കത്തിക്കരി‌ഞ്ഞ നിലയിൽ രണ്ട് പേരെ ഓഫീസിൽ നിന്ന് കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group