കാലിഫോര്‍ണിയ: സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിളിന്‍റെ ലോഞ്ച് ഇവന്‍റിലേക്ക് ഉറ്റുനോക്കുകയാണ് ടെക് ലോകം. 'ഇറ്റ്‌സ് ഗ്ലോടൈം' എന്ന് ആപ്പിള്‍ വിശേഷിപ്പിക്കുന്ന പരിപാടിയില്‍ ഐഫോണ്‍ 16 സിരീസും മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കും. നിലവിലുള്ള ചില സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളും ഡിവൈസുകളും ഇതോടെ ആപ്പിള്‍ പിന്‍വലിക്കാനും സാധ്യതയുണ്ട്. അവ ഏതൊക്കെയാണ് എന്ന സൂചനകള്‍ നോക്കാം.
പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതോടെ ചില മുന്‍ തലമുറ ഫ്ലാഗ്‌ഷിപ്പ് ഐഫോണുകള്‍ പിന്‍വലിക്കുന്ന പതിവ് 2018 മുതല്‍ ആപ്പിളിനുണ്ട്. ഇത്തവണയും ആ ട്രെന്‍ഡ് ആപ്പിള്‍ പിന്തുടരും എന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഏതൊക്കെ മോഡലുകളാവും ആപ്പിള്‍ കമ്പനി പിന്‍വലിക്കുക എന്നറിയുമോ. പുത്തന്‍ ഐഫോണ്‍ 16 പ്രോ മോഡലുകളുടെ വരവോടെ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കൂടുതല്‍ സാധ്യത തെളിയുന്നത്. അങ്ങനെ സംഭവിച്ചാലും ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നീ സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ വിപണിയില്‍ തുടരാന്‍ ആപ്പിള്‍ അനുവദിച്ചേക്കും.
ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവയ്ക്ക് പുറമെ ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 13 എന്നിവയും ആപ്പിള്‍ പിന്‍വലിക്കാനിടയുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 13 സിരീസില്‍ വിപണിയില്‍ അവശേഷിക്കുന്ന ഏക മോഡലാണ് സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 13. ഇതോടെ ആപ്പിളിന്‍റെ നിലവില്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്‌മാര്‍ട്ട്‌ഫോണായി ഐഫോണ്‍ 14 മാറും. ഇതോടൊപ്പം ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് എന്നിവയിലും മാറ്റം പ്രതീക്ഷിക്കാം. ഇവയുടെ പുത്തന്‍ ജനറേഷന്‍ ഗാഡ്‌ജറ്റുകള്‍ സെപ്റ്റംബര്‍ 9ന് അവതരിക്കപ്പെടും എന്നാണ് പ്രതീക്ഷ.
സെപ്റ്റംബര്‍ 9ന് നടക്കുന്ന 'ഇറ്റ്‌സ് ഗ്ലോടൈം' ഇവന്‍റില്‍ ആപ്പിള്‍ ഐഫോൺ 16 സിരീസില്‍പ്പെട്ട ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകൾ അവതരിപ്പിക്കാനിരിക്കുകയാണ്.
Post a Comment