തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം ലഭിക്കില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്.
പദ്ധതിയിൽ അംഗങ്ങളായ 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകൾ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും, കാർഡ് പുതുക്കി നൽകുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കാർഡുകൾ പ്രിന്റ് ചെയ്തു നൽകുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയോ സർക്കാരോ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുത്. പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.
Post a Comment