Join News @ Iritty Whats App Group

ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടു തനിച്ചായ ശ്രുതിയെ കണ്ണീരിലാഴ്ത്തി വീണ്ടും ദുരന്തം ; സ്വകാര്യബസുമായി കൂട്ടിയിടിക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ജന്‍സണ്‍, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു


കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടു തനിച്ചായ ശ്രുതിയെ കണ്ണീരിലാഴ്ത്തി വീണ്ടും ദുരന്തം. ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ വാഹനാപകടത്തില്‍ മരിച്ചു. കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ മാതാപിതാക്കളുംസഹോദരിയുമടക്കം കുടുംബത്തിലെ ഒമ്പതുപേര്‍ മരിച്ചിരുന്നു.



ജെന്‍സണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും തൊട്ടുപിന്നാലെയായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തം. വലിയ ദുരന്തത്തില്‍ ഏല്ലാം നഷ്ടപ്പെട്ടു നിരാശയിലകപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തികൊണ്ടു വരുന്നതിനിടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ജെന്‍സന്റെ വിയോഗം. അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശിയാണ്. ശ്രുതിയും ജെന്‍സണും സഞ്ചരിച്ചിരുന്ന വാന്‍ പത്തിനു വൈകിട്ട് മൂന്നരയോടെ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവരടക്കം ഒമ്പതുപേര്‍ക്കു പരുക്കേറ്റു.



ജെന്‍സനാണ് വാന്‍ ഓടിച്ചിരുന്നത്. ചൂരല്‍മല സ്വദേശികളായ ലാവണ്യ, ശ്രുതിയുടെയും ലാവണ്യയുടെയും ബന്ധുക്കളായ മാധവി, രത്‌നമ്മ, ആര്യ, അനില്‍കുമാര്‍, അനൂപ്കുമാര്‍ എന്നിവരാണു പരുക്കേറ്റ മറ്റുള്ളവര്‍. എല്ലാവരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്ക് സാരമായി പരുക്കേറ്റ ജെന്‍സണെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.



അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഒരു ഭാഗം പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വാന്‍ ഓടിച്ചിരുന്ന ജെന്‍സന്റെ തലയ്ക്കുള്ള ഗുരുതര പരുക്കിന് പുറമെ മുഖത്ത് പൊട്ടലും കാലിന് ഒടിവുമുണ്ടായിരുന്നു. ജെന്‍സന്റെ പരുക്ക് ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group