Join News @ Iritty Whats App Group

വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ പതിനാലുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ പരാതിയുമായി കുടുംബം

പതിനാലുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ സ്കൂളിനെതിരെ ആരോപണവുമായി കുടുംബം. കണ്ണൂർ വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ആരോമല്‍ സുരേഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് സ്കൂളിലെ അധ്യാപകർക്കെതിരെ കുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

ക്ലാസ്മുറിയിലെ ജനല്‍ചില്ല് പൊട്ടിച്ചതിന് 300 രൂപ പിഴ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആരോമലിനെ കണ്ടെത്തുന്നത്.പരാതിയില്‍ പറയുന്നതിങ്ങനെ. "തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച്‌ കൈമാറുന്നതിനിടയില്‍ കൈ തട്ടി ക്ലാസ് മുറിയുടെ ജനല്‍ചില്ല് പൊട്ടി. തുടർന്ന് 300 രൂപ പിഴയടക്കാൻ കുട്ടികളോട് ക്ലാസ് ടീച്ചർ ആവശ്യപ്പെട്ടു.

പിറ്റേദിവസം സ്കൂളിലെത്തി ഓണപരീക്ഷയെഴുതിയ ആരോമലിനെ വൈകുന്നേരമാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. ചില്ല് പൊട്ടിയതില്‍ ആരോമലിനെ അധ്യാപകർ വീണ്ടും ചോദ്യം ചെയ്തെന്നും അതിലുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നുമാണ്" രക്ഷിതാക്കളുടെ പരാതി.

അതേസമയം സ്കൂളിന്റെ ഭാഗത്ത് പിഴവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസ്. ആരോമലിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലേക്ക് യുവജനസംഘടനകള്‍ പ്രതിഷേധമാർച്ച്‌ നടത്തി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post
Join Our Whats App Group