കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും പിന്നീട് ഉരുത്തിരിഞ്ഞ വിവാദങ്ങളിലും പ്രതികരിച്ച് നടി സണ്ണി ലിയോണി. മറ്റുള്ളവര്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നും തനിക്ക് തന്റെ അനുഭവത്തില്‍ നിന്ന് മാത്രമെ സംസാരിക്കാന്‍ കഴിയൂ എന്നും സണ്ണി ലിയോണി പറഞ്ഞു.
പേട്ട റാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് താരത്തിന്റെ പ്രതികരണം. ശരിയല്ലെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോരുകയാണ് വേണ്ടതെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. 'സ്വന്തം വ്യക്തിത്വത്തിലും ജോലിയിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്,' സണ്ണി ലിയോണി പറയുന്നു.
എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് തന്റെ അഭിപ്രായം എന്നും ഒരു സ്ത്രീയെന്ന നിലയിലും യുവാവെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും എന്നും താരം ചൂണ്ടിക്കാട്ടി. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തിരഞ്ഞെടുക്കുകയാണ് വേണ്ടത് എന്നും ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം എന്നും സണ്ണി ലിയോണി വ്യക്തമാക്കി.
പല വാതിലുകളും തന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട് എന്നും എന്ന് കരുതി തനിക്കൊരു പ്രശ്‌നവുമില്ല എന്നും നടി പറഞ്ഞു. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും എന്നും സണ്ണി ലിയോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന പേട്ട റാപ്പില്‍ പ്രഭുദേവയും വേദികയാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സണ്ണി ലിയോണിയും പ്രധാന വേഷം ചെയ്തിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 27 ന് തിയറ്ററുകളില്‍ എത്തും.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പായിച്ചിറ നവാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്ര വെച്ച കവറില്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
2017 ല്‍ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ജസ്റ്റിസ് ഹേമയ്ക്ക് പുറമെ എഴുത്തുകാരി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 2019 ഡിസംബര്‍ 31നായിരുന്നു കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. ആഗസ്റ്റ് 19 നാണ് സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Post a Comment