Join News @ Iritty Whats App Group

അസാധ്യം, അമ്പരപ്പ്, പിന്നെ കൈയടി.. കാണാം ഇരുകൈകളുമില്ലാതെ ഇന്ത്യയുടെ ശീതൾ ദേവി തൊടുത്ത ബുള്‍സ്ഐ ഷോട്ട്

പാരീസ്: പാരീസില്‍ നടക്കുന്ന പാരാലിംപിക്സ് അമ്പെയ്ത്തില്‍ വിസ്മയ പ്രകടനവുമായി ഇന്ത്യയുടെ ശീതൾ ദേവിയുടെ പ്രകടനം. അമ്പെയ്ത്തിലെ വനിതകളുടെ വ്യക്തിഗത കോംപൗണ്ട് വിഭാഗത്തില്‍ മത്സരിച്ച ശീതൾ ദേവി ആദ്യ ശ്രമത്തില്‍ ബുള്‍സ് ഐ ഷോട്ടുമായാണ് കാണികളെ അമ്പരപ്പിച്ചത്. ഇതിന്‍റെ വീഡിയോ കണ്ടവര്‍ക്കുപോലും ഇനിയും അമ്പരപ്പ് മാറിയിട്ടില്ല. ബാഴ്സലോണ ഫുട്ബോള്‍ താരം ജൗളെസ് കൗണ്ടെയും ഹര്‍ഭജന്‍ സിംഗുമെല്ലാം 17കാരിയായ ശീതളിന്‍റെ പ്രകടനം കണ്ട് കൈയടിച്ചവരുടെ കൂട്ടത്തിലുണ്ട്.

വനിതകളുടെ കോംപൗണ്ട് ആര്‍ച്ചറി യോഗ്യതാ റൗണ്ടില്‍ റാങ്കിംഗ് ഇനത്തില്‍ ലോക റെക്കോര്‍ഡ് പ്രകടനം നടത്തിയ ശീതള്‍ 703 പോയന്‍റ് നേടിയെങ്കിലും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനായില്ല. ചിലി താരത്തോട് 137-138ന് നേരിയ വ്യത്യാസത്തില്‍ തോറ്റ് പുറത്തായി. എങ്കിലും ആ ഒറ്റ ബുള്‍സ് ഐ ഷോട്ട് ശീതളിനെ പാരീസിലെ സൂപ്പര്‍ താരമാക്കി. പാരിസിൽ പാരാലിംപിക്‌സിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്നു ശീതൾ ദേവി.


ജമ്മുകശ്‌മീരിലെ കിഷ്‌തവാർ ജില്ലയിലെ ലോയിയാറിൽ മാൻസിങ്–ശക്തീദേവി ദമ്പതികളുടെ മകളായി ജനിച്ച ശീതളിന് ജന്മനാ കൈകളുണ്ടായിരുന്നില്ല. അമ്പെയ്‌ത്തിൽ എത്തിയിട്ട്‌ രണ്ടുവർഷമായിട്ടേയുള്ളു. കോച്ച്‌ കുൽദീപ്‌ വേദ്‌വാനാണ്‌ ശീതളിന് എല്ലാ പിന്തുണയും നൽകുന്നത്‌. കസേരയിൽ ഇരുന്നാണ്‌ അമ്പെയ്‌ത്ത്‌. വലംകാലുകൊണ്ട്‌ വില്ലുകുലയ്‌ക്കും. അമ്പ്‌ വലത്തേ ചുമലിലേക്ക്‌ കൊണ്ടുവന്ന്‌ താടിയെല്ലിന്‍റെ ശക്തിയിൽ വലിച്ചുവിടും. ഇത്തരത്തിൽ അമ്പെയ്യുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് ശീതൾ.

Post a Comment

Previous Post Next Post
Join Our Whats App Group