ന്യൂഡല്‍ഹി: ജോലിസമ്മര്‍ദത്തെ തുടര്‍ന്ന് ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ (ഇ.വൈ.) ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മരിച്ച സംഭവത്തില്‍ അനേ്വഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഇരുപത്തിയാറുകാരിയായ മലയാളി അക്കൗണ്ടന്റ് അന്ന സെബാസ്റ്റിയന്‍ പേരയിലിന്റെ മരണത്തില്‍ വന്‍ രോഷമുയര്‍ന്ന പശ്ചാത്തലത്തിലാണിത്. 'അന്നയുടെ ദാരുണമായ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ട്.
സുരക്ഷിതമല്ലാത്തതും ചൂഷണസ്വഭാവമുള്ളതുമായ തൊഴില്‍ അന്തരീക്ഷമാണെന്ന ആരോപണങ്ങളില്‍ സമഗ്ര അനേ്വഷണം നടക്കുന്നുണ്ട്. തൊഴില്‍ മന്ത്രാലയം പരാതി ഒൗദ്യോഗികമായി ഏറ്റെടുത്തതായും തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്‌ലജെ എക്‌സില്‍ പോസ്റ്റിട്ടു. കമ്പനിയില്‍ ചേര്‍ന്ന് നാലു മാസത്തിനുള്ളില്‍ മകള്‍ മരിച്ചുവെന്നും അമിത ജോലിഭാരത്തെ മഹത്വവല്‍ക്കരിക്കുന്ന തൊഴില്‍സംസ്‌കാരം മാറ്റണമെന്നും അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍, ഇ.വൈ. ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എന്റെ ആത്മാവ് തകര്‍ന്നു. ഞങ്ങള്‍ അനുഭവിക്കുന്ന വേദന മറ്റൊരു കുടുംബത്തിനും ഇനി വരരുത്- കത്തില്‍ അനിത വിങ്ങിപ്പൊട്ടി.
മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പുള്ള സംഭവങ്ങള്‍ അമ്മ പങ്കുവച്ചു: 'ജൂലൈ 6 ശനിയാഴ്ച, അന്നയുടെ സി.എ കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാന്‍ പൂനെയില്‍ എത്തിയപ്പോഴടക്കം അവള്‍ കടുത്ത ജോലിസമ്മര്‍ദത്തിലായിരുന്നു. നെഞ്ചിന് പ്രയാസം തോന്നിയ ഘട്ടത്തില്‍ ഡോക്ടറെ കാണേണ്ടിവന്നു. രാത്രി വളരെ വൈകുന്ന ജോലി. ഭക്ഷണം കഴിക്കാന്‍ കൂടി സമയം കിട്ടാറില്ലായിരുന്നു. ജോലി തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ കോണ്‍വൊക്കേഷന്‍ വേദിയിലെത്തിയതുപോലും ഏറെ വൈകിയാണ്.
രാത്രി വൈകിയും, എന്തിനേറെ വാരാന്ത്യങ്ങളില്‍ പോലും അവള്‍ക്കു ശ്വാസം വിടാന്‍ സമയമില്ലായിരുന്നു. എപ്പോഴും മുകളില്‍നിന്നുള്ളവരുടെ സമ്മര്‍ദമുണ്ടാകും. അടുത്ത പ്രഭാതത്തോടെ പൂര്‍ത്തിയാക്കേണ്ട ജോലി എത്തും. ഒരിക്കല്‍ അവള്‍ പ്രതികരിച്ചപ്പോള്‍, ഡിസ്മിസ് ചെയ്യുമെന്ന മറുപടിയാണ് കിട്ടിയത്. രാത്രി വൈകിയും നിങ്ങള്‍ക്കു ജോലിചെയ്യാം. എല്ലാവരും ചെയ്യുന്നത് അതുതന്നെയാണെന്നും അസി. മാനേജര്‍ കടുപ്പിച്ചു.
വെളുക്കുമ്പോഴേയ്ക്കും തളര്‍ന്ന് അവള്‍ മുറിയിലെത്തും. ചിലപ്പോഴൊക്കെ വസ്ത്രം പോലും മാറാതെ കട്ടിലിലിലേക്ക് വീണു. അപ്പോഴും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് മെസേജുകള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. ജോലി കളയാന്‍ ഞങ്ങള്‍ പറഞ്ഞതാണ്. പക്ഷേ, കൂടുതല്‍ പഠിക്കാനും എക്‌സ്‌പോഷര്‍ നേടാനും അവള്‍ ആഗ്രഹിച്ചു. അങ്ങനെ മരിച്ചു ജോലി ചെയ്തിട്ടും അവളുടെ സംസ്‌കാര ചടങ്ങില്‍ പോലും കമ്പനിയില്‍നിന്ന് ആരും എത്താതിരുന്നത് തെല്ലൊന്നുമല്ല വേദനിപ്പിച്ചതെന്നും അന്നയുടെ കുടുംബം പറഞ്ഞു.
അന്നയുടെ മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും കുടുംബത്തിന്റെ കത്ത് വളരെ ഗൗരവത്തോടെ കാണുന്നെന്നും ഇ.വൈ. പ്രതികരിച്ചു. ഇ.വൈയുടെ സഹകമ്പനിയായ എസ്.ആര്‍ ബാട്‌ലിബോയിയുടെ ഓഡിറ്റ് ടീമില്‍ അംഗമായിരുന്നു അന്ന. അവളുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ ഒരു നടപടിക്കും കഴിയില്ല. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഞങ്ങള്‍ ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നു. ആരോഗ്യകരമായ തൊഴിലിടമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അതിനുള്ള വഴികള്‍ കണ്ടെത്തുന്നത് തുടരുമെന്നും കമ്പനി പ്രതികരിച്ചു.
Post a Comment