Join News @ Iritty Whats App Group

മൈനാഗപ്പള്ളി കാറപകടം; അജ്മലും ഡോ.ശ്രീക്കുട്ടിയും റിമാൻഡിൽ, ഇരുവരും പരിചയപ്പെട്ടത് ആശുപത്രിയിലെ ഒപിയിൽ വെച്ച്


കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു. ശാസ്താംകോട്ട കോടതിയാണ് ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മനപൂര്‍വ്വമായ നരഹത്യക്കാണ് കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

അതേസമയം, വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്ന ദൃക്സാക്ഷികളുടെ മൊഴിയും പുറത്തുവന്നു. കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയിൽ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിൻറ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, സ്വയരക്ഷയ്ക്ക് റോഡില്‍ വീണ വീട്ടമ്മുടെ ദേഹത്തിലൂടെ കാര്‍ കയറ്റിയാണ് പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും ചീറിപാഞ്ഞുപോയത്.

മുന്നോട്ട് നീങ്ങവെ മറ്റൊരു വാഹനവും ഇടിച്ചിട്ടു. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലായിരുന്നു. അമിത വേഗതയിലായിരുന്നു യാത്ര. ഇതിനിടെയാണ് സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന കുഞ്ഞിമോളെയും ഫൗസിയയെയും ഇന്നലെ വൈകിട്ട് ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല. അപകടസ്ഥലത്തുനിന്ന് കാര്‍ ഓടിച്ചുപോകാന്‍ നിര്‍ബന്ധിച്ചത് ഡോക്ടറായ ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു.

അപകടമുണ്ടാകുന്നതിന് മുമ്പ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍നിന്നും മദ്യപിച്ചാണ് അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും വന്നത്. കാറില്‍ മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അപകടത്തിന് മുമ്പ് ഇറങ്ങിയിരുന്നു. മദ്യലഹരിയില്‍ പോകുന്ന വഴിയിലെല്ലാം അപകടകരമായ രീതിയിലാണ് അജ്മല്‍ കാര്‍ ഓടിച്ചത്. പലരെയും ഇടിച്ച് തെറിപ്പിച്ചു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്.


ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലിൽ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ചന്ദനമോഷണം അടക്കം എട്ട് കേസിൽ പ്രതിയാണ് അജ്മൽ. മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രി ഓപിയിൽ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. സംഭവത്തെ തുടര്‍ന്ന് ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി.

Post a Comment

Previous Post Next Post
Join Our Whats App Group