കൊച്ചി: ചലച്ചിത്രമേഖലയിലെ പീഡനപരാതികളുടെ എണ്ണം കൂടിയാല്‍ വിചാരണയ്ക്കു പ്രത്യേക കോടതിയും പരിഗണനയില്‍. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും സാധ്യത. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് അപേക്ഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കും.
നിലവിലെ പരാതികള്‍ക്കു മാത്രമായി പ്രത്യേക കോടതിക്കു സാധ്യതയില്ല. ഇതുവരെ 22 പരാതികള്‍ ലഭിച്ചു. കൂടുതല്‍ പരാതികള്‍ ഉയരാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ക്കാണുന്നു. വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളിലാണു പീഡനപരാതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവയെല്ലാം ഒരേ കോടതിയിലെത്തിയാല്‍ വിചാരണാനടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും. തെളിവുശേഖരണം പൂര്‍ത്തിയായശേഷം മാത്രം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടന്നാല്‍ മതിയെന്നാണു പ്രത്യേകാന്വേഷണസംഘത്തിന്റെ തീരുമാനം.
അതിജീവിതരുടെ മൊഴി മാത്രം സ്വീകരിച്ച് കേസെടുക്കാമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. ആരോപണവിധേയനായ എം. മുകേഷ് എം.എല്‍.എയുടെ അറസ്റ്റ് തത്കാലം കോടതി തടഞ്ഞിട്ടുണ്ട്.
ഓരോ പരാതിയിലും രേഖപ്പെടുത്തിയ മൊഴി കുറ്റകൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനു കൈമാറും. അന്വേഷണസംഘത്തിലെ എസ്.പിമാര്‍ വകുപ്പുകള്‍ നിശ്ചയിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേഷനുകള്‍ക്കു നിര്‍ദേശം നല്‍കും.
ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ അന്വേഷണസംഘത്തലവന്‍ ഐ.ജി: ജി. സ്പര്‍ജന്‍കുമാറിനു കൈമാറിയിട്ടുണ്ട്. അന്വേഷണസംഘത്തിനു നേരിട്ടും ഇ-മെയില്‍ മുഖേനയും പരാതികള്‍ ലഭിക്കുന്നുണ്ട്.
Ads by Google
Post a Comment