Join News @ Iritty Whats App Group

പാപ്പനംകോട് തീപിടുത്തം; കൊലപാതകമെന്ന് പോലീസ്, മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആൺസുഹൃത്തും

തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത നീങ്ങി. അപകടമല്ല നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രണ്ട് പേർക്കാണ് സംഭവത്തിൽ ജീവൻ നഷ്‌ടമായത്. ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്‌ണയും ആൺസുഹൃത്ത് ബിനുവുമാണ് മരണപ്പെട്ടത്. സ്ഥാപനം പൂർണമായി കത്തി നശിച്ചിരുന്നു.

മരിച്ച രണ്ടാമൻ ബിനുവാണെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് പെട്രോളിന്റെയും മണ്ണെണ്ണയുടെയും സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പെട്രോള്‍ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.


ഇവിടെ നിന്ന് ഒരു കത്തി കൂടി കണ്ടെത്തിയിട്ടുണ്ട്. ബിനുകുമാര്‍ തന്നെയാകാം കൃത്യം നടത്തിയതെന്ന് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നതായി പോലീസ് അറിയിച്ചു. ന്യൂഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇതിന് പിന്നാലെ അപകടത്തിൽ അസ്വാഭാവികത ഉണ്ടോ എന്ന സമയം ഉയർന്നതോടെ പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബിനുവാണ് ഓഫീസ് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതെന്ന് പോലീസ് പറയുന്നു. മരിച്ച വൈഷ്‌ണയുടെ ആദ്യ ഭർത്താവും ബിനുവുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു വൈഷ്‌ണ. എന്നാൽ ഇടയ്ക്ക് വച്ച് ഇരുവരും തമ്മിൽ പ്രശ്‌നം ഉണ്ടാവുകയും അകന്ന് നിൽക്കുകയുമായിരുന്നു. ഇതേ സ്ഥാപനത്തിൽ വച്ച് ഇരുവർക്കും ഇടയിൽ വഴക്ക് നടന്നുവെന്നും പോലീസ് പറയുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്‌ദത്തോടെ തീ ആളിപ്പടർന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ഇവിടേക്ക് കയറി തീ കെടുത്താൻ നാട്ടുകാർക്കും സാധിച്ചിരുന്നില്ല. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

പിന്നീട് നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ വൈഷ്‌ണയാണെന്ന് സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ ആൾ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തീപിടുത്തത്തിന് ഇടയാക്കിയ കാരണങ്ങളിൽ സംശയം തോന്നിയ പോലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.

തീപിടിത്തത്തിന് മുമ്പ് ഓഫീസില്‍ നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന ആളുകൾ ഉൾപ്പെടെ പറഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. തുടർന്ന് കൊല്ലപ്പെട്ട വൈഷ്‌ണയുടെ സഹോദരന്റെ മൊഴിയെടുത്തപ്പോഴാണ് കുടുംബ പ്രശ്‌നങ്ങളെ കുറിച്ച് വിവരം ലഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group