Join News @ Iritty Whats App Group

ആനമതിൽ നിർമ്മാണത്തിൻ്റെ പേരിൽ ആറളം വനത്തിൽ മരംമുറി; വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടും നടപടിയില്ല

കണ്ണൂർ: ആന മതിൽ നിർമാണത്തിന്‍റെ പേരിൽ കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിനുളളിലെ പതിനേഴ് മരങ്ങൾ മുറിച്ചു. വനാതിർത്തി കൃത്യമായി നിർണയിക്കാതെ മരം മുറിക്കാൻ അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആറളം വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ, സോഷ്യൽ ഫോറസ്ട്രി എസിഎഫ് ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ചെയ്തെങ്കിലും തുടർനീക്കമുണ്ടായിട്ടില്ല. തേക്ക് ഉൾപ്പെടെയുള്ള മരങ്ങളാണ് സർവേ നടത്താതെ മുറിക്കാൻ അനുവദിച്ചത്.



ഈ വർഷം മാർച്ചിൽ ആറളം ഫാം പത്താം ബ്ലോക്കിൽ നിന്ന് വനം വകുപ്പിന ്കിട്ടിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ മരങ്ങൾ മുറിച്ചെന്നായിരുന്നു വിലാസമില്ലാതെ സോമൻ എന്ന വ്യക്തി നൽകിയ പരാതി. വനം വിജിലൻസാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. വന്യജീവി സങ്കേതത്തിൽ നിന്ന് തേക്കുൾപ്പെടെ 17 മരങ്ങൾ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം മുറിച്ചെന്ന് കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഓ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി.



പട്ടിക വർഗ വകുപ്പിന്‍റെ സ്ഥലത്താണ് പുതിയ ആന മതിൽ നിർമ്മിക്കുന്നത്. ഇത് കടന്നുപോകുന്നത് വന്യജീവി സങ്കേതത്തിന്‍റെ അതിരിലായതിനാൽ മുറിക്കേണ്ട മരങ്ങളുടെ കണക്കെടുക്കാൻ സംയുക്ത പരിശോധന കഴിഞ്ഞ വർഷം ജൂണിൽ നടത്തിയിരുന്നു. അഞ്ച് കിലോമീറ്റർ നീളത്തിലുളള പഴയ ആന മതിലാണ് ഉദ്യോഗസ്ഥർ അതിരായി കണക്കാക്കിയത്. ജണ്ടകളുൾപ്പെടെ കാടുകയറിയ സ്ഥലമാണ് ഇവിടം. പട്ടിക വർഗ വകുപ്പ് കരാർ നൽകിയവരാണ് മരം മുറിച്ചത്. പരാതി ഉയർന്നപ്പോൾ കേസായി. കരാറെടുത്ത എസ്‍ടി പ്രമോട്ടറും തൊഴിലാളികളും പ്രതികളായി. മരങ്ങൾ കസ്റ്റഡിയിലെടുത്തു.



എന്നാൽ വീഴ്ചയുണ്ടായത് അനുമതി നൽകിയവർക്കെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോടുള്ള വനം വകുപ്പ് മിനി സർവേ സംഘത്തിന്‍റെ സഹായം തേടുകയോ കൃത്യമായ അതിർത്തി നിശ്ചയിക്കുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. വന്യജീവി സങ്കേതത്തിലെ ജീവനക്കാർ മരങ്ങൾ അടയാളപ്പെടുത്തുന്ന പരിശോധനയിൽ മുഴുവൻ സമയവും പങ്കെടുത്തില്ല. മരം മുറിക്കുമ്പോഴും വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചില്ല. മുറിക്കാൻ അനുമതി നൽകിയ സോഷ്യൽ ഫോറസ്ട്രി വിഭാഗം വന്യജീവി സങ്കേതത്തിന് ഉള്ളിലാകാം മരമെന്ന് സംശയം കണക്കിലെടുത്തില്ലെന്നും വിജിലൻസ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group