ഫരീദാബാദ്
ഹരിയാനയിലെ ബിജെപി സർക്കാരിന്റെ നയങ്ങളാണ് വിദ്യാര്ഥിയായ പത്തൊമ്പതുകാരൻ ആര്യൻ മിശ്രയെ ഗോരക്ഷാക്രിമിനലുകൾ കൊലപ്പെടുത്തുന്നതിലേയ്ക്ക് നയിച്ചതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആര്യന്റെ ഫരീദാബാദിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൃന്ദ. പശുസംരക്ഷണത്തിന്റെ പേരിൽ ഗോരക്ഷാ ഗുണ്ടകൾക്ക് നിയമം കൈയിലെടുക്കാനുള്ള അധികാരം ബിജെപി സർക്കാർ നൽകി.
സർക്കാരും പൊലീസും കൊലപാതകത്തിൽ ഒരേപോലെ ഉത്തരവാദികളാണ്. പശുവിന്റെ പേരിലുള്ള എല്ലാ ആക്രമണങ്ങളിലും പൊലീസിന് പങ്കുണ്ട്. അനധികൃത തോക്ക് കൈവശമുണ്ടായിരുന്ന അക്രമികൾ 30 കിലോമീറ്റർ പിന്തുടർന്നാണ് ആര്യനെ വധിച്ചത്. മുസ്ലീമായതിനാൽ കൊല്ലപ്പെടേണ്ടവനെന്നും ബ്രാഹ്മണനായതിനാൽ മാത്രം ചോദ്യമുയരുകയും ചെയ്യുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും മൗനത്തിലാണ്. നിയമവാഴ്ചയുടെ തകർച്ച എവിടെയെത്തിയന്നതിന്റെ തെളിവാണിത്. സർക്കാർ പ്രതിനിധികളാരും കുടുംബത്തെ ഇതുവരെ സന്ദർശിച്ചില്ല.
ആര്യന്റെ കുടുംബത്തിന് മതിയായ സുരക്ഷയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും സഹോദരന് സർക്കാർ ജോലി നൽകണമെന്നും ബൃന്ദ ആവശ്യപ്പെട്ടു. കുടുംബത്തിന് നിയമസഹായവും ബൃന്ദ വാഗ്ദാനം ചെയ്തു.
മകന് നീതി ലഭിക്കണമെന്ന് ആര്യന്റെ അച്ഛൻ സിയാനന്ദ് മിശ്ര ബൃന്ദയോട് പറഞ്ഞു. ഹരിയാന സർക്കാർ മകന് നീതിനൽകുമെന്ന് പ്രതീക്ഷയില്ല. പശുവിന്റെ പേരിൽ ഹിന്ദു–-മുസ്ലീം വൈരം വളർത്തുന്നത് എന്തിനാണ്. പശുവിന്റെ പേരിൽ മനുഷ്യനെ കൊന്നുതള്ളുന്ന ക്രൂരതയ്ക്ക് അറുതിവേണം, സിയാനന്ദ് പറഞ്ഞു.
Post a Comment