Join News @ Iritty Whats App Group

‘സോളാര്‍ അന്വേഷണം അട്ടിമറിച്ചു’; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി അജിത് കുമാര്‍ സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദരേഖ പുറത്തു വിട്ടു. ഇടതുപക്ഷം ഏറ്റവും കൂടുതല്‍ സമരം നടത്തിയത് ആയിരുന്നു സോളാര്‍ കേസ് അത് അന്വേഷണം നേരെ നടന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം. കേസ് എങ്ങനെ അട്ടിമറിച്ചു എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എനിക്ക് അയച്ച ശബ്ദം ആണ് പുറത്ത് വിടാന്‍ ഉള്ളത്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തില്ല. അട്ടിമറിച്ചത് അജിത്കുമാര്‍ ആണ് എന്നാണ് പറയുന്നത് – പിവി അന്‍വര്‍ പറഞ്ഞു.

ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരു ഓഡിയോയാണ് പിവി അന്‍വര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കേള്‍പ്പിച്ചു നല്‍കിയത്. അജിത്കുമാര്‍ കമ്മ്യുണിസ്റ്റ് വിരുദ്ധനാണെന്നും പണക്കാരുമായാണ് ബന്ധമെന്നും ഓഡിയോയില്‍ ആരോപിക്കുന്നു. കെസി വേണുഗോപാലുമായി അടുത്ത ബന്ധമെന്നും പറയുന്നു. കെസി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം സരിതയെ അജിത്കുമാര്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്നും ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ സരിതക്ക് ഉറപ്പ് നല്‍കിയതോടെ സരിത പല മൊഴികളും മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അജിത്ത് കുമാറിന്റെ സംഘം വിമാനത്താവളത്തില്‍ നിന്നും കോടികളുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും മുജീബ് എന്നയാളാണ് എം.ആര്‍ അജിത്ത് കുമാറിന്റെ പ്രധാന സഹായിയെന്നും ഓഡിയോയില്‍ ആരോപിക്കുന്നു.

മുഖ്യമന്ത്രിയെ നാളെ കാണും എന്നും ഈ വിഷയങ്ങളില്‍ പരാതി നല്‍കുമെന്നും പിവി അന്‍വര്‍ പറഞ്ഞു. അജിത്കുമാറിനെ അവിടെ ഇരുത്തികൊണ്ട് അന്വേഷണം നടത്തരുത്. സസ്‌പെന്റ് ചെയ്യണോ എന്ന് ഉത്തരവാദിത്വപെട്ടവര്‍ ആലോചിക്കട്ടെ മുഖ്യമന്ത്രി തന്നെ ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിക്ക് നല്‍കും. തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് കൂടുതല്‍ പുറത്ത് വിടാന്‍ പ്രയാസം ഉണ്ട് -അന്‍വര്‍ പറഞ്ഞു. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അജിത്കുമാര്‍ രാജി വെച്ചാല്‍ പോലും കുറ്റ വിമുക്തനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group