ഇരിട്ടി: ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ പാലംനിർമാണം എട്ടുമാസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല.ഇതോടെ ദുരിതത്തിലായതാകട്ടെ പ്രദേശവാസികളും. മലയോര ഹൈവേയില്‍ വള്ളിത്തോട് മണത്തണ റീച്ചില്‍ കരിക്കോട്ടകരിയെയും എടൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഇപ്പോഴും എങ്ങുമെത്താതെ കിടക്കുന്നത്.
കാലാവർഷത്തിന് മുന്പ് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. പഴയ പാലം പൊളിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകാൻ സമാന്തരമായി നിർമിച്ച താത്കാലിക പാത ആദ്യമഴയില്‍ തന്നെ ഒഴുകി പോയിരുന്നു. പ്രദേശവാസികളുടെ എതിർപ്പിനെ വകവയ്ക്കാതെ വീണ്ടും സമാന്തരപാത നിർമിച്ചെങ്കിലും അടുത്ത ദിവസംതന്നെ അതും വെള്ളത്തിലായി.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപെട്ടു. നിലവില്‍ യാത്രികർ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. വിദ്യാർഥികള്‍ അടക്കം യാത്രചെയ്യുന്ന വഴിയില്‍ താത്കാലിക നടപ്പാലം പോലും നിർമിക്കാൻ അധികാരികളും കരാറുകാരും തയാറായിട്ടില്ല എന്നതും കടുത്ത വിമർശനങ്ങള്‍ക്ക് കാരണമാകുന്നു.
കഴിഞ്ഞമാസം എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന പൊതുമരാമത്ത് അവലോകനയോഗത്തില്‍ സമാന്തരപാത നിർമിക്കുമെന്ന് അധികൃതർ ഉറപ്പു നല്‍കിയെങ്കിലും ഒരുമാസം പിന്നിടുമ്ബോഴും യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല.
പാലത്തിന്‍റെ അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗം മൂന്ന് മീറ്റർ കോണ്‍ക്രീറ്റ് ചെയ്യേണ്ട സ്ഥലത്തെ പണികള്‍ മാസങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. പാലത്തിന്‍റെ നിർമാണത്തില്‍ കരാറുകാരുടെ മെല്ലപ്പോക്കിന് ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.
Post a Comment