അങ്കമാലി: ഭർത്താവ് തൂങ്ങി മരിച്ചു കിടക്കുന്നതു കണ്ട് പാചകഗ്യാസിനു തീ കൊളുത്തിയ യുവതി മരിച്ചു. മക്കൾ പൊള്ളലേറ്റ് ഗുരുതര നിലയിൽ. പുളിയനം മില്ലുംപടി വെളിയത്ത് വീട്ടിൽ ശശിയുടെ മകൻ സനൽ (40), ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്. മക്കളായ അശ്വന്ത് (12), ആസ്തിക് (6) എന്നിവർക്ക് പൊള്ളലേറ്റു.
ഇന്നലെ രാത്രി 12 ഓടെ കുട്ടികളുടെ കരച്ചിൽ കേട്ട് അയൽ വീട്ടുകാർ എത്തിയപ്പോൾ വീടിന് തീപിടിച്ച നിലയിലായിരുന്നു. അകത്തു കയറിയവർ കുട്ടികളെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുമിയെ പൊള്ളലേറ്റ് മരിച്ച നിലയിലും സനലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
തുടർന്ന് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തുറവുർ സ്വദേശിയായ സനൽ തുറവൂർ ചരിത്ര ലൈബ്രറിക്കു സമീപം ഡിജിറ്റൽ സേവാ കേന്ദ്രം നടത്തി വരികയാണ്. ഇരുവരും ചേർന്നാണ് സേവാകേന്ദ്രം നടത്തിയിരുന്നത്. പ്രണയവിവാഹത്തെ തുടർന്ന് വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് സനലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് സനലിന്റെ പത്തു പേജോളം വരുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
പൊള്ളലേറ്റ കുട്ടികളെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിൽസക്കായി എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇളയ കുട്ടി ആസ്തിക്കിന്റെ നില ഗുരുതരമാണ്. പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Post a Comment