ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ രോഗി വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ തകഴി സ്വദേശി ഷൈജുവാണ് വനിതാ ഡോക്ടറെ മർദിച്ചത്. ശസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സർജനായ ഡോക്ടർ അഞ്ജലിക്കാണ് മർദനത്തിൽ പരിക്കേറ്റത്.
ഷൈജു നെറ്റിയിൽ മുറിവുമായാണ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ തുന്നലിടുന്നതിനിടെയായിരുന്നു ഡോക്ടർക്ക് നേരെ ആക്രമണം ഉണ്ടായത്. സുരക്ഷാ ജീവനക്കാർ ചേർന്നാണ് ഷൈജുവിനെ പിടിച്ചുമാറ്റിയത്.
രോഗി മദ്യലഹരിയിലായിരുന്നെന്നും തന്റെ കൈപിടിച്ചു തിരിച്ചുവെന്നും സംഭവത്തെ കുറിച്ച് ഡോക്ടർ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഷൈജു രക്ഷപ്പെട്ടെന്നാണ് വിവരം. പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
Post a Comment