കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടാം പ്രതി അനിതകുമാരിയ്ക്ക് ജാമ്യം ലഭിച്ചു. നേരത്തെ കേസില്‍ മൂന്നാം പ്രതിയായ അനുപമ പത്മന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.
കേസില്‍ കോടതി പൊലീസിന്റെ തുടരന്വേഷണ അപേക്ഷയും അംഗീകരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലാമത് ഒരാള്‍ കൂടി ഉണ്ടായിരുന്നതായി അഭ്യൂഹങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സംഘത്തില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായി തട്ടിക്കൊണ്ടുപോയ കുട്ടിയുടെ പിതാവിന്റെ സംഭാഷണം പുറത്തുവന്നിരുന്നു.
കേസില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിത കുമാരി, മകള്‍ അനുപമ പത്മന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കൊപ്പം ഒരാള്‍കൂടി ഉണ്ടായിരുന്നതായി ആദ്യം മുതലേ ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ സ്ഥിരീകരണം വരുത്താനാണ് പൊലീസ് തുടരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
2023 നവംബര്‍ 27ന് ആയിരുന്നു ആറ് വയസുകാരിയെ പത്മകുമാറും കുടുംബവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മണനിക്കൂറുകള്‍ക്ക് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികള്‍ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം സംസ്ഥാനമാകെ അരിച്ചുപെറുക്കിയിട്ടും പൊലീസിന് കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ പിറ്റേ ദിവസം കൊല്ലം ആശ്രാമം മൈതാനത്ത് പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
Post a Comment