ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടക്കുമ്പോഴും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിശബ്‌ദരായി കണ്ടു നിൽക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെ ലക്ഷ്യം വച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനം.
വിദ്വേഷ കാരണങ്ങൾ മൂലമുണ്ടാവുന്ന ആക്രമണങ്ങളെ അപലപിച്ച രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. സർക്കാരിന്റെ നിഷ്‌ക്രിയത്വം കൈമുതലാക്കിയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. എക്‌സ് പോസ്‌റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബീഫ് കഴിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഹരിയാനയിൽ അന്യസംസ്ഥാന തൊഴിലാളിയെ ഗോസംരക്ഷകർ തല്ലിക്കൊന്നിരുന്നു. സാബിര്‍ മാലിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഹരിയാനയില്‍ ഉൾപ്പെടെ ഗോസംരക്ഷകരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.
'വിദ്വേഷം രാഷ്ട്രീയ ആയുധമാക്കി അധികാരത്തിന്റെ പടവുകൾ കയറിയവർ രാജ്യത്തുടനീളം ഭീതിയുടെ വാഴ്‌ച തുടരുകയാണ്. ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മറഞ്ഞിരിക്കുന്ന വിദ്വേഷ ഘടകങ്ങൾ നിയമവാഴ്‌ചയെ വെല്ലുവിളിച്ച് പരസ്യമായി അക്രമം നടത്തുകയാണ്' രാഹുൽ ഗാന്ധി ഹിന്ദിയിൽ പങ്കുവച്ച ട്വീറ്റിൽ വ്യക്തമാക്കുന്നു.
'ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്, സർക്കാർ നിശബ്‌ദമായി ഇത് കണ്ടിരിക്കുന്നു. ഇത്തരം അരാജകത്വ ഘടകങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിച്ച് നിയമത്തിന്റെ അധികാരം എടുത്തു കാണിക്കണം' രണ്ട് സംഭവങ്ങളുടെ വാർത്തകളുടെ സ്ക്രീൻഷോട്ടുകൾ പങ്കിട്ടുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
'ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ഇന്ത്യക്കാരുടെ അവകാശങ്ങൾക്കും നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്‌ക്കെതിരായ കടന്നുകയറ്റമാണ്, അത് ഞങ്ങൾക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. ബിജെപി എത്ര തന്നെ ശ്രമിച്ചാലും വിദ്വേഷത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഈ ചരിത്രപരമായ പോരാട്ടത്തിൽ ഞങ്ങൾ വിജയിക്കും' രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നേരത്തെ രാജസ്ഥാനിലെ ഭരത്പൂരില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ തട്ടിക്കൊണ്ടുപോവുകയും, കാറില്‍ വെച്ച് തീകൊളുത്തി കൊല്ലുകയും ചെയ്‌തിരുന്നു. ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം ഭീവണി ജില്ലയിലെ ലൊഹാരു ടൗണില്‍ നിന്നായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഹരിയാനയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
Post a Comment