പത്തനംതിട്ട: യുവതിയെ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ സഹോദരനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കോന്നിയിലാണ് സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകലും അനുബന്ധ സംഭവങ്ങളും അരങ്ങേറിയത്.
ചെന്നീർക്കര പുനരധിവാസകോളനി രാജീവ് ഭവനം വീട്ടിൽ സന്ദീപ് (23), ഇലന്തൂർ ഇടപ്പരിയാരം വരട്ടുചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമൽ (21) എന്നിവരാണ് പിടിയിലായത്. സന്ദീപുമായി മുന്പ് അടുപ്പത്തിലായിരുന്ന യുവതി ഇയാളുടെ സ്വഭാവദൂഷ്യം കാരണം പിണക്കത്തിലായിരുന്നുവെന്ന് പറയുന്നു. ഇതിന്റെ വിരോധത്തിൽ യുവതിയെ കാറിൽ കടത്താനാണ് സന്ദീപും സുഹൃത്തും ശ്രമിച്ചത്.
ഇതു തടഞ്ഞ സഹോദരനെ കാർ കൊണ്ടിടിച്ചിട്ടു. ബോണറ്റിൽ വീണ് ഗ്ലാസിൽ പിടിച്ചു കിടന്ന സഹോദരനെയും വഹിച്ചു കൊണ്ട് അപകടകരമായ വിധത്തിൽ നിർത്താതെ ഓടിച്ചുപോയ കാർ നാട്ടുകാർ തടഞ്ഞു, ഇരുവരേയും രക്ഷപ്പെടുത്തി.വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
കൊന്നപ്പാറയിലൊരു കല്യാണവീട്ടിൽ എത്തിയ യുവതിയെ ആരോമൽ ഓടിച്ച കാറിൽ ബലം പ്രയോഗിച്ച് കയറ്റി കടത്തിക്കൊണ്ടു പോവുകയായിരുന്നു. യുവാവിന് നിസാര പരിക്കേറ്റു. നാട്ടുകാർ തടഞ്ഞതുകൊണ്ട് വലിയ അപകടം ഒഴിവായി.മോഷണം, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടുകേസുകളിൽ പ്രതിയാണ് രണ്ടാം പ്രതി ആരോമലെന്ന് പോലീസ് പറഞ്ഞു.
നാല് കേസുകൾ പന്തളത്തും രണ്ടു വീതം പത്തനംതിട്ട ആറന്മുള സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിൽ ഒരുകേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Post a Comment