തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തും. ഇത് സംബന്ധിച്ച് ഉടൻ സർക്കാർ ഉത്തരവുണ്ടാകും. ഡിജിപി ഷെയ്‌ക് ദർവേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക. ഐജി സ്‌പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്‌പി മധുസൂദൻ, എസ്‌പി ഷാനവാസ് എന്നിവരുൾപ്പെട്ടതാണ് അന്വേഷണ സംഘം. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകിയത്.
എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെയാണ് ഉന്നത തല സംഘം അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എംആർ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാൽ പി ശശിയെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിർത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നിൽ.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകും എന്ന് മാത്രമാണ് മുഖ്യമന്ത്രി രാവിലെ പ്രസംഗിച്ചത്. ഇതിന് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ഡിജിപിയുമായടക്കം സംസാരിച്ചു. ഇതിന് ശേഷമാണ് ആരോപണ വിധേയരെ സ്ഥാനത്ത് നിലനിർത്തി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Read more: പൊളിറ്റിക്കല്‍ സെക്രട്ടറിയേയും എഡിജിപിയെയും സംരക്ഷിക്കാൻ പ്രഖ്യാപിച്ച അന്വേഷണം; സിബിഐക്ക് വിടാൻ തന്‍റേടമുണ്ടോ?
ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബാണ് പിവി അന്‍വര്‍ എംഎല്‍എ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ പ്രയോഗിച്ചത്. പി ശശി - എംആര്‍ അജിത് കുമാര്‍ കൂട്ട്കെട്ട് ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് നടത്തിയ വാര്‍ത്താസമ്മേളനം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അന്തം വിട്ടവരില്‍ ബ്രാഞ്ച് അംഗം മുതല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെയുണ്ട്. ഏറെ നാളായി സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പി ശശിയും എംആര്‍ അജിത്കുമാറും ചേര്‍ന്നാണ്. ഡിജിപി യെ വരെ നോക്കുകുത്തിയാക്കി ഇവര്‍ നടത്തുന്ന കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്. പാര്‍ട്ടി നേതൃത്വം കാര്യമായി ഇടപെട്ടിരുന്നില്ല.
തൃശൂര്‍ പൂരം കലക്കി ബിജെപിക്ക് അനുകൂലമായ നീക്കം പോലീസ് നടത്തിയെന്ന ഗുരുതര സ്വഭാവമുള്ള ആരോപണം വരെയുണ്ടായിട്ടും ആരും അതൊന്നും കാര്യമാക്കിയില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് കാലത്തേക്കാള്‍ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളുമായി ഭരണകക്ഷി എംഎല്‍എ രംഗത്തെത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങളായതിനാല്‍ അന്‍വറിനെ പാര്‍ട്ടി തള്ളുമെന്ന് കരുതിയെങ്കിലും ആരും തള്ളിപ്പറഞ്ഞില്ല.
പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ ആരോപണത്തിന്‍റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അന്‍വറിനൊപ്പമാണെന്ന് മനസിലായി. അങ്ങനെയങ്കില്‍ പി ശശിയുടെ കാര്യത്തില്‍ ഇനിയെന്തെന്ന ചര്‍ച്ചയും സജീവമായി. എന്നാൽ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തെത്തിയപ്പോൾ മുഖ്യമന്ത്രി താൻ അൻവറിനൊപ്പമല്ലെന്ന് സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കി. ആരോപണ വിധേയരെ അവരുടെ സ്ഥാനത്ത് നിന്ന് മാറ്റാതെ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
മറ്റാരുടെയെങ്കിലും പിന്തുണയില്ലാതെ അന്‍വര്‍ ഇത്ര വലിയ ആരോപണം ഉന്നയിക്കുമോ എന്ന് ചോദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. മുഖ്യമന്ത്രിയെ കണ്ട് പരാതി ഉന്നയിക്കാനാണ് അന്‍വറിന്‍റെ ശ്രമം. സര്‍ക്കാരിന് ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വിഷയമെന്ന നിലയില്‍ പാര്‍ട്ടിയില്‍ ഇനിയിത് ചര്‍ച്ചയാകും.
Post a Comment