പറവൂർ> ഓണപ്പരീക്ഷയ്ക്ക് മലയാളം പരീക്ഷയിൽ മഴയെക്കുറിച്ചെഴുതാനായിരുന്നു ചോദ്യം. മൗനമായിനിന്ന ആകാശത്ത് മഷി പടർന്നതുപോലെ വന്ന മേഘം മഴയായതും അമ്മൂമ്മയുടെ കൈയിൽനിന്ന് കടലാസ് കപ്പൽ വാങ്ങിയെടുത്തതുമെല്ലാം ഉത്തരക്കടലാസിൽ ആറാംക്ലാസുകാരന്റെ ഭാവനയായി പീലിവിടർത്തി. ഉത്തരക്കടലാസ് അമ്മ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ (ബോയ്സ്) ആറാംക്ലാസുകാരൻ എസ് ശ്രീഹരിക്ക് അഭിനന്ദനപ്രവാഹം. മാഞ്ഞാലി വാടേപറമ്പിൽ ശ്രീജിത്–- നീതു വത്സൻ ദമ്പതികളുടെ മകൻ ശ്രീഹരിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റുമിട്ടു.
ചാലാക്ക എൽപി സ്കൂളിൽ നാലുവരെ പഠിച്ചശേഷമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് ശ്രീഹരി എത്തിയത്. ചെറുപ്പംമുതലേ വായനയിൽ തൽപ്പരനായിരുന്നു. മലയാളത്തിൽ കിട്ടുന്ന എല്ലാ പുസ്തകങ്ങളും വായിക്കുന്ന ശീലമാണ് ഭാവന ഉണർത്തിയത്. താന്റെ ഉത്തരക്കടലാസ് ശ്രീഹരി കൊരട്ടി നൈപുണ്യ കോളേജിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസറായ അമ്മയെ കാണിച്ചു.
മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടർന്നതും മഴ വരുന്നതും മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കിൽനിന്ന് മുക്തി ലഭിച്ചതും കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാൽ അതിനും മഴ സമ്മതിക്കില്ലെന്ന ചിന്തയുമെല്ലാം കണ്ടതോടെ ശ്രീഹരിയുടെ എഴുത്തിനെക്കുറിച്ച് നീതുവിന് അഭിമാനത്തോടൊപ്പം ആശ്ചര്യവുമായി. ഇതോടെയാണ് ഉത്തരക്കടലാസ് ഫെയ്സ്ബുക്കിലിടാൻ തീരുമാനിച്ചത്. ഇത് വൈറലാകുകയും ‘‘പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്, ശ്രീഹരിയുടെ ഭാവന ചിറകുവിടർത്തട്ടെ’’ അഭിനന്ദനത്തോടെ മന്ത്രി വി ശിവൻകുട്ടി എഫ്ബിയിൽ കുറിക്കുകയുമായിരുന്നു. പാലക്കാട് റെയിൽവേ ഡിവിഷനിൽ ജീവനക്കാരനാണ് ശ്രീജിത്
Post a Comment