Join News @ Iritty Whats App Group

കാലിലെ നീര് ഉളുക്കാണെന്ന് കരുതി ചികിത്സ തേടിയില്ല; പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു


വണ്ടിപ്പെരിയാർ: പാമ്പു കടിയേറ്റ് ആറാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ 11കാരനായ സൂര്യ ആണു മരിച്ചത്. സ്കുളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കാലിൽ കണ്ട നീര് കളിക്കുന്നതിനിടെ ഉളുക്കയിതാണെന്നു കരുതി ചികിത്സ തേടിയില്ല. പോസ്റ്റ്മോർട്ടത്തിലാണു കുട്ടിക്കു പാമ്പുകടിയേറ്റിരുന്നെന്നു മനസ്സിലായത്. വണ്ടിപ്പെരിയാർ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു.

കഴിഞ്ഞ 27നു സ്കൂളിൽനിന്നു മടങ്ങിയയെത്തിയതു മുതൽ സൂര്യയുടെ കാലിൽ നീരുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ സ്കൂളിൽ പോകാതെ വീട്ടിൽ വിശ്രമിച്ചു. ഇതിനിടെ തിരുമ്മുചികിത്സയും നടത്തി.

ഞായറാഴ്ച രാവിലെ ശരീരമാസകലം നീരു ബാധിച്ചതിനെത്തുടർന്നു വണ്ടിപ്പെരിയാർ ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീടു തേനി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തിയ ഉടൻ മരിച്ചു. തുടർന്നു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണു പാമ്പുകടിയേറ്റതായി കണ്ടെത്തിയത്. സംസ്കാരം നടത്തി.

മാതാപിതാക്കൾ മരിച്ചതോടെ സഹോദരി ഐശ്വര്യയ്‌ക്കും ഭർത്താവിനും ഒപ്പമായിരുന്നു സൂര്യയുടെ താമസം. പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കനായിരുന്ന സൂര്യ അധ്യാപകർക്കും കൂട്ടുകാർക്കും പ്രീയപ്പെട്ടവനായിരുന്നു. പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ് നേടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group