തിരുവനന്തപുരം> പാപ്പനംകോട്ട് ഇൻഷുറൻസ് ഏജന്സി ഓഫീസിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടത്തിന് മുൻപായി ബഹളം കേട്ടതായി പരിസരവാസികൾ. മരിച്ചവരില് ഒരാള് സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്.
രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥാപനത്തിലേക്ക് പുറത്തുനിന്നെത്തിയതാണ് എന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില് പ്രവര്ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. പുക ശ്വസിച്ചും മറ്റും അസ്വസ്ഥത തോന്നിയ മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ആദ്യം പൊട്ടിത്തെറി, പിന്നെ തീയും പുകയും
ഓഫീസ് പൂർണമായും കത്തിയനിലയിലാണ്. മരിച്ച രണ്ടാമത്തെ ആള് പുറത്തുനിന്ന് ഓഫീസിലെത്തി. ഇവര് ഓഫീസിലെത്തിയതിന് ശേഷം ഉച്ചത്തില് വഴക്ക് കേട്ടുവെന്ന് കെട്ടിടത്തിന് സമീപത്ത് നിന്നിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു. മുറിക്കുള്ളില് നിന്ന് പെട്ടെന്നാണ് തീ ആളിപ്പടര്ന്നത്.
നാട്ടുകാര് ഓടിക്കൂടി അരമണിക്കൂറുകൊണ്ട് തി കെടുത്തി. എങ്കിലും രണ്ടുപേരെയും പൊള്ളലേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസും ഫയര്ഫോഴ്സുമെത്തി മൃതദേഹങ്ങള് ആശുപത്രിയിലേക്ക് മാറ്റി.
ആദ്യം ഗ്ലാസ് പൊട്ടിത്തെറിച്ചു. ഇതിന് ശേഷം പുകയും തീയും പുറത്തുവന്നു. അപ്പോഴും ആരും പുറത്തേക്ക് വന്നില്ല. നാട്ടുകാര് തീ അണയ്ക്കാന് ഓടിക്കൂടി. വൈഷ്ണ മാത്രമാണ് ഓഫീസില് ജോലി ചെയ്യുന്നത്. ഓഫീസ് മുറിക്കുള്ളിലെ എ.സി. കത്തിനശിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.
Post a Comment