Join News @ Iritty Whats App Group

ബഹിരാകാശത്ത് നിന്ന് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; ബാലറ്റിന് അപേക്ഷിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും



അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വാര്‍ത്ത സമ്മേളനം നടത്തിയ സുനിതാ വില്യംസും ബുച്ച് വില്‍മോറും അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബഹിരാകാശ നിലയത്തില്‍ ഇരുവരും സന്തുഷ്ടരാണെന്നും അറിയിച്ചു. ബഹിരാകാശത്ത് ജീവിക്കാന്‍ അത്രയധികം ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെന്നും ഇരുവരും അറിയിച്ചു.



അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുവരും വോട്ട് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വോട്ട് ചെയ്യാനുള്ള ബാലറ്റ് എത്തിക്കണമെന്ന് താന്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് ബുച്ച് വില്‍മോര്‍ പറഞ്ഞു. പൗരനെന്ന നിലയില്‍ വോട്ടുചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണെന്നും സ്പേസില്‍ നിന്നും വോട്ടിടുക എന്നത് വളരെ നല്ല ഒരു ആശയമായി തോന്നുന്നുവെന്നും സുനിത കൂട്ടിച്ചേര്‍ത്തു.



നവംബര്‍ 5ന് ആണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഡൊണാള്‍ഡ് ട്രംപും കമല ഹാരിസുമാണ് മത്സര രംഗത്തുള്ളത്. ബഹിരാകാശം തന്നെ വളരെ സന്തോഷിപ്പിക്കുന്ന സ്ഥലമാണെന്നും സുനിത മാധ്യമങ്ങളെ അറിയിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ ആയിരുന്നു ഇരുവരുടെയും വാര്‍ത്ത സമ്മേളനം നടന്നത്.



ബഹിരാകാശത്ത് ആയിരിക്കാന്‍ തനിക്ക് ഏറെ ഇഷ്ടമാണ്. ഇവിടെ തുടരുന്നതില്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നും തോന്നുന്നില്ലെന്നും സുനിത വ്യക്തമാക്കി. എല്ലാ നേട്ടങ്ങളിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമല്ലോ. കുറച്ച് കാലം കൂടുതല്‍ സ്‌പേസില്‍ തുടരുന്നതില്‍ നിരാശയില്ലെന്നും സുനിത വില്യംസ് പറഞ്ഞു.



അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജീവിതം അത്ര ബുദ്ധിമുട്ടേറിയതല്ല. ഒരു വര്‍ഷത്തോളം ഇവിടെ തുടരേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മടക്കയാത്ര വൈകിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ മേഖലയിലെ കാര്യങ്ങളെല്ലാം ഇത്തരത്തിലാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group