കൊച്ചി: സംസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകം. ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍വശത്തുള്ള ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ സ്പൂഫ് ചെയ്ത് കസ്റ്റമര്‍ കെയറില്‍നിന്ന് എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഉപഭോക്താവിന് ഫോണ്‍ കോള്‍ വരുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍വശത്തു നല്‍കിയിട്ടുള്ള കസ്റ്റമര്‍ കെയര്‍ നമ്പറില്‍നിന്നു തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നില്ല. തട്ടിപ്പു സംഘം ആവശ്യപ്പെടുന്നതു പ്രകാരം കാര്‍ഡ് വിവരങ്ങളും ഒടിപിയും നല്കിയാല് പണം നഷ്ടമാകും. ഇത്തരത്തില്‍ പണം നഷ്ടമായവരുടെ എണ്ണം കൂടിയതോടെ പോലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്.
സാങ്കേതിക പരിജ്ഞാനമുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ധനകാര്യ സ്ഥാപനങ്ങളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ ബാങ്കുകളോ ഒരിക്കലും ഒടിപി നല്‍കാനോ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാനോ ഉപഭോക്താവിനോട് ആവശ്യപ്പെടില്ല. ഫോണ്‍ മുഖാന്തിരം അപരിചിതരുമായി ഒടിപി ഷെയര്‍ ചെയ്തുള്ള ഇത്തരം ഇടപാടുകള്‍ ഒഴിവാക്കി ബാങ്കുമായി നേരിട്ട് ബന്ധപ്പെടണമെന്നാണ് പോലീസ് നിര്‍ദേശത്തിലുള്ളത്.
1930ല്‍ പരാതിപ്പെടാം
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ https://cyber crime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ നല്‍കാം.
Post a Comment